സന്നിധാനം: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര വിളക്കും മകര സംക്രമ പൂജയും നാളെ. സന്നിധാനത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നാളെ വൈകിട്ട് 3.08ന് സൂര്യന്‍ ധനുവില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിലാണ് സംക്രമ പൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും എത്തിക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമ പൂജയില്‍ അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഇത് ദര്‍ശിക്കാന്‍ പര്‍ണശാലകള്‍ കെട്ടി ഭക്തര്‍ വിവിധ കേന്ദ്രങ്ങളില്‍ ശരണംവിളികളോടെ കാത്തിരിപ്പ് തുടങ്ങി.
ഇന്നലെ പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് ശരംകുത്തിയില്‍ എത്തും. അവിടെ നിന്നും ദേവസ്വം അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.15ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാര്‍, കെ. രാജു, സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്. ശ്രീജിത്ത് എന്നിവര്‍ സ്വീകരിച്ച് സോപാനത്ത് എത്തിക്കും. തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലില്‍ ഭഗവാന് ചാര്‍ത്തി ദീപാരാധന നടക്കും.
പ്രാസാദ ശുദ്ധിക്രിയകള്‍ ഇന്നലെ നടന്നു. ഇന്ന് ബിംബ ശുദ്ധിക്രിയകള്‍ നടക്കും. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ 15 വ്യൂ പോയിന്റുകളുണ്ട്. ഇവിടെയെല്ലാം തീര്‍ത്ഥാടകര്‍ കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു.
















