അഹമ്മദാബാദ്: ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള സഹകരണം വിപുലമാക്കാനും ഭാരത യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ച ഊര്‍ജിതമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സും തമ്മിലുളള ചര്‍ച്ചയില്‍ തീരുമാനമായി.
പ്രതിരോധം, ബഹിരാകാശം, ഖനനം, ആണവോര്‍ജം എന്നിവയടക്കം തന്ത്രപ്രധാന മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. ജര്‍മ്മനി വഴി സഞ്ചരിക്കുന്ന ഭാരത പൗരന്മാര്‍ക്ക് വിസരഹിത യാത്ര അനുവദിക്കും. അഹമ്മദാബാദില്‍ ജര്‍മ്മനിയുടെ ഓണററി കോണ്‍സല്‍ തുറക്കും. പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തും. സംയുക്ത അഭ്യാസങ്ങള്‍, പരിശീലനം എന്നിവയിലൂടെ സൈനിക സഹകരണം ആഴത്തിലാക്കും. പ്രതിരോധ വ്യവസായത്തിലും സഹകരിക്കും.
ഭീകരതയെ ഇരുനേതാക്കളും അപലപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെയും ദല്‍ഹി സ്ഫോടനത്തെയും അപലപിച്ചു. ഭീകരര്‍ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കും. ഭാരതം – ഇ യു സ്വതന്ത്ര വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചകള്‍ ശക്തമാക്കും. സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തും. മോദിയും മെര്‍സും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രശസ്തമായ പട്ടം പറത്തല്‍ മഹോത്സവം ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഫ്രെഡറിക്ക് മെര്‍സ് ഭാരതം സന്ദര്‍ശിക്കുന്നത്. മെര്‍സിന്റെ ഭാരതത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനവും ഫെഡറല്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഏഷ്യയിലേക്കുള്ള ആദ്യസന്ദര്‍ശനവുമായിരുന്നു ഇത്. 23 പ്രമുഖ ജര്‍മ്മന്‍ സിഇഒമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ചാന്‍സലറെ അനുഗമിക്കുന്നുണ്ട്.













