പട്ന : ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ബീഹാറിൽ ഈ മാസം 17 ന് കൃഷ്ണ ചതുർദശി ദിനത്തിൽ നടക്കും . ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ നിർമ്മാണത്തിലിരിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിലാണ് ഈ മഹാശിവലിംഗം പ്രതിഷ്ഠിക്കുന്നത് . തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിർമ്മിച്ച ശിവലിംഗം പ്രത്യേകം രൂപകൽപ്പന ചെയ്ത 96 ചക്രങ്ങളുള്ള ട്രക്കിലാണ് ബീഹാറിൽ എത്തിച്ചത്.
33 അടി ഉയരവും 210 ടൺ ഭാരവുമുണ്ട് ഈ ശിവലിംഗത്തിന് . ശിവലിംഗത്തിന് മുന്നിൽ പ്രാർത്ഥന നടത്താൻ ബീഹാർ മന്ത്രി അശോക് ചൗധരിയും എത്തിയിരുന്നു . തമിഴ്‌നാട്ടിൽ നിന്ന് ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ ഏകദേശം 2,500 കിലോമീറ്റർ സഞ്ചരിച്ച് , ഭക്തരുടെ ആദരവ് ഏറ്റുവാങ്ങി ഗോപാൽഗഞ്ചിൽ എത്താൻ ഏകദേശം 45 ദിവസമെടുത്തുവെന്ന് ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് കൗൺസിൽ (ബിഎസ്ആർടിസി) അംഗം സയൻ കുനാൽ പറഞ്ഞു.
“ഇത് വെറുമൊരു ശിലാ നിർമ്മിതിയല്ല, മറിച്ച് ഒരു വലിയ ആത്മീയ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്. 1,008 ശിവലിംഗങ്ങളെ ആരാധിക്കുന്നതിന് തുല്യമായ ആത്മീയ അനുഭവമാണ് ഇത് ഭക്തർക്ക് നൽകുന്നത്. നിർമ്മാണവും ഇൻസ്റ്റാളേഷനും പൂർണ്ണമായ ശുദ്ധതയോടും, ഗാംഭീര്യത്തോടും, സനാതന പാരമ്പര്യങ്ങൾക്കനുസൃതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മഹാവീർ മന്ദിർ ട്രസ്റ്റ് ടീം പദ്ധതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു “ സയൻ കുനാൽ പറഞ്ഞു.
















