കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിയെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണ്, അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചു. കേസിൽ പ്രതിചേര്‍ക്കപ്പെട്ട കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് ഹൈക്കോടതി ചോദിച്ചു. എ. പത്മകുമാർ ഉത്തരവാദിത്തം കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പം എന്നിവ ഉൾപ്പെടെ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്‌ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധൻ, ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികൾ കോടതി പരിഗണിക്കുകയാണ്.
ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. താൻ 1.40 കോടി രൂപയോളം പല ആവശ്യങ്ങൾക്കായി ശബരിമലയിൽ ചെലവഴിച്ചു. ഇപ്പോൾ 25 ദിവസമായി താൻ ജയിലിൽ കിടക്കുകയാണെന്ന് ഗോവർദ്ധൻ കോടതി മുമ്പാകെ അറിയിച്ചു. എന്നാൽ, എസ്‌ഐടി എതിർപ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും സ്വർണക്കടത്തിൽ പ്രധാന പങ്കുണ്ടെന്നും എസ്‌ഐടി കോടതിയിൽ വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിന്റെ വാതിൽ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീകോവിലിന്റെ മുമ്പിലെ കാണിക്കവഞ്ചി നിർമിച്ച് കൊടുത്തത് താനാണെന്നും ഗോവർദ്ധൻ കോടതിയിൽ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താൻ. കേസിൽ കുടുക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന തന്നെ പെട്ടെന്ന് പിടിച്ച് അറസ്റ്റ് ചെയ്‌തതാണെന്നും ഗോവർദ്ധൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
















