പാലക്കാട്: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനെ വരവേല്‍ക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍. പൊങ്കലിന് ഇനി നാളുകള്‍ മാത്രമിരിക്കെ കിഴക്കന്‍ മേഖലകളെല്ലാം ഉത്സവ ലഹരിയിലാണ്. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പുത്സവം കൂടിയായ പൊങ്കല്‍ ആഘോഷിക്കുന്നത് തൈമാസത്തിലാണ്. ദീപാവലി കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് പൊങ്കല്‍.
പൊങ്കലിനു മുമ്പ് വീടുകളെല്ലാം പെയിന്റടിച്ചു ഭംഗിയാക്കി മുറ്റം ചാണകം മെഴുകി കോലം വരച്ച് കാപ്പുകെട്ടലും നടത്തും. തമിഴ് കലണ്ടറിലെ തൈമാസം 1, 2, 3 തീയതികളിലാണ് തൈപൊങ്കലും മാട്ടുപൊങ്കലും പൂപൊങ്കലുമായി മുന്നു ദിവസങ്ങളില്‍ ആഘോഷിക്കും. വാളയാര്‍, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം എന്നീ തമിഴ്നാടതിര്‍ത്തികളിലും കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, മീനാക്ഷിപുരം തുടങ്ങിയ കിഴക്കന്‍ മേഖലകളിലും പൊങ്കല്‍ ആഘോഷിക്കുന്നവരേറെയാണ്. തൈപൊങ്കല്‍ ദിനത്തില്‍ അരി, ശര്‍ക്കര, മാവ് എന്നിവ ചേര്‍ത്ത് പൊങ്കല്‍ തയ്യാറാക്കുകയും പുതുതായി കല്യാണം കഴിഞ്ഞവരെ പുതുവസ്ത്രം നല്‍കി സ്വീകരിക്കുകയും ചെയ്യുന്ന ആചാരമുണ്ട്.
മാട്ടുപൊങ്കല്‍ ദിനത്തില്‍ കന്നുകാലികളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായമടിച്ചും പൂമാലകള്‍ ചാര്‍ത്തിയും പൂജിക്കും. പൂപൊങ്കല്‍ ദിനത്തില്‍ ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം പുതുവസ്ത്രമണിഞ്ഞും മധുരം വിതരണം ചെയ്തും ഒത്തുകൂടും. പൊങ്കലിന്റെ ഭാഗമായി മധുര അളങ്കാനല്ലൂരില്‍ കാലങ്ങളായി നടത്തുന്ന ജെല്ലിക്കെട്ടും പ്രസിദ്ധമാണ്.
തൈ പിറന്നാല്‍ വഴി പിറക്കുമെന്നതിനാല്‍ തമിഴ് ജനതകള്‍ കല്യാണം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം തുടങ്ങിയ നല്ല കാര്യങ്ങള്‍ നടത്തുന്നതും പൊങ്കല്‍ ആഘോഷിക്കുന്ന തൈമാസത്തിലാണ്. ഒരു ജനതകളുടെ സംസ്‌കാരവും സാഹോദര്യവും കൂടിച്ചേരലുകളും ഇഴചേരുമ്പോഴാണ് ഒരാഘോഷമുണ്ടാകുന്നതെങ്കില്‍ തമിഴ് ജനതകള്‍ വീണ്ടുമൊരു പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളും ഉത്സവലഹരിയിലാണ്.
















