ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് മംഗളൂരു സ്വദേശിനിയായ ഡി.കെ. ശർമിള(34)യെ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ശര്‍മിളക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിനിയായ റൂംമേറ്റ്നാട്ടിൽ പോയിരുന്നതിനാല്‍ യുവതി ഫ്ലാറ്റില്‍ ഒറ്റക്കായിരുന്നു താമസം.
യുവതിയുടെ ഫ്ലാറ്റിനകത്ത് തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കർണാൽ ആണെന്ന് പോലീസ് കണ്ടെത്തിയത്. ലൈംഗീകാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കർണാൽ ജനുവരി മൂന്നിന് രാത്രി ഒൻപതോടെ ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്.
സ്ലൈഡിംഗ് ജനാലയിലൂടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ലൈംഗീകാതിക്രമം ശർമിള എതിർത്തതോടെ മർദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി.
തെളിവുകൾ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയിൽ ഇട്ട ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
















