ആത്മനാശത്തിന്റെ കറുത്ത ഇരുട്ടില്‍, ദീപശിഖയായി ഉദിച്ചുയര്‍ന്ന മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദന്‍. ഭാരതത്തിന്റെ ആത്മാവിനെ പുതുജീവനോടെ ഉണര്‍ത്തുകയും, ആത്മവിശ്വാസവും ആത്മബോധവും നല്‍കുകയും ചെയ്തു അദ്ദേഹം.
സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം ആത്മവികാസത്തിനൊപ്പം രാഷ്‌ട്രത്തിന്റെ പുനര്‍ജനനത്തിനും വഴികാട്ടിയായി. ഭാരതത്തിന്റെ ആത്മാവിനെ ലോകത്തിനു മുന്നില്‍ പുതുജ്വാലയായി തെളിയിച്ച ഒരു മഹാദര്‍ശനമായാണ് അത് നിലകൊള്ളുന്നത്. ആന്തരികസ്വാതന്ത്ര്യം, ആത്മബോധം, ധാര്‍മ്മികമൂല്യങ്ങള്‍ എന്നിവ ചേര്‍ന്ന സമഗ്രവികാസമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
പാശ്ചാത്യ ശാസ്ത്രവിദ്യകളുടെയും സാങ്കേതികതയുടെയും പ്രാധാന്യം അംഗീകരിച്ചിരുന്നുവെങ്കിലും, അതിനൊപ്പം ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും അനിവാര്യത അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്ത്വത്തില്‍ ശക്തമായി പ്രതിധ്വനിച്ചു. സംസ്‌കൃതം തുടങ്ങിയ ഭാരതീയ ഭാഷകളെയും ജ്ഞാനരംഗങ്ങളെയും അവഗണിച്ച് ഇംഗ്ലീഷിന് അമിത മുന്‍ഗണന നല്‍കുന്ന നയങ്ങള്‍, ഭാരതീയ സംസ്‌കാരത്തിന്റെയും സമ്പന്നമായ ജ്ഞാനപാരമ്പര്യത്തിന്റെയും വിസ്മൃതിയിലേക്കാണ് നയിച്ചതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിന് വിപരീതമായി, വിദ്യാഭ്യാസം മനുഷ്യനെ ജീവിതോപയോഗിയായ അറിവിലും ധാര്‍മ്മികമൂല്യങ്ങളിലും ആത്മവിശ്വാസത്തിലും സമ്പന്നനാക്കേണ്ടതാണെന്ന് സ്വാമി വിവേകാനന്ദന്‍ ആവശ്യപ്പെട്ടു.
യുവാക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തിയെ അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞു; അവരെ ആത്മവിശ്വാസത്തിലേക്കും കര്‍മ്മനിഷ്ഠയിലേക്കും നയിക്കുകയാണ് തന്റെ ജീവിതദൗത്യമായി അദ്ദേഹം കണ്ടത്.
ശക്തമായ മനസ്സും ശുദ്ധമായ ചിന്തയും സേവന മനോഭാവവും കര്‍മ്മശേഷിയും ഉള്ള മനുഷ്യനെയാണ് യഥാര്‍ത്ഥമായി വിദ്യാഭ്യാസം നേടിയവനായി അദ്ദേഹം വിലയിരുത്തിയത്. യുവത്വത്തെ ഒരു ആസ്വാദനകാലമായി അല്ല, മറിച്ച് ഉത്തരവാദിത്വത്തിന്റെ നിര്‍ണായക ഘട്ടമായാണ് സ്വാമി വിവേകാനന്ദന്‍ കണ്ടത്. ശരീരശക്തിയും മാനസിക ശക്തിയും ഒരുപോലെ വളര്‍ത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം ശക്തമായി ചൂണ്ടിക്കാട്ടി. ”എനിക്ക് ശക്തിയുള്ള പേശികളും ഉരുക്കിന്റെ നാഡികളും ഉള്ള യുവാക്കളെ വേണം”എന്ന അദ്ദേഹത്തിന്റെ പ്രസ്താവന, ദുര്‍ബലമായ മനോഭാവങ്ങളോടും ഭയപരമായ ജീവിത ദൃഷ്ടിയോടുമുള്ള കടുത്ത പ്രതിഷേധമായിരുന്നു. സ്വയംവിശ്വാസമില്ലാത്ത ഒരാള്‍ക്ക് സമൂഹത്തെയും രാഷ്‌ട്രത്തെയും പരിവര്‍ത്തനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു.
സംസ്‌കൃത ഭാഷയിലൂടെ രൂപംകൊണ്ട ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്വം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുക എന്ന ദൗത്യമാണ് അദ്ദേഹം ജീവിതലക്ഷ്യമാക്കിയത്. യുവത്വത്തെ ലക്ഷ്യമാക്കി നടത്തിയ അദ്ദേഹത്തിന്റെ ആഹ്വാനം, ഈ ജ്ഞാനപരമ്പരയുടെ പുനരുത്ഥാനത്തിനുള്ള ധര്‍മ്മകാഹളമായി മാറി. .1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ലോകമത സമ്മേളനത്തിലെ അദ്ദേഹത്തിന്റെ ആദ്യവാക്കുകള്‍ തന്നെ ചരിത്രത്തില്‍ അമരമായി. ”സഹോദരന്മാരേ, സഹോദരിമാരേ”എന്ന ലളിതവും ഹൃദയസ്പര്‍ശിയുമായ അഭിസംബോധനയിലൂടെ, മനുഷ്യ സാഹോദര്യത്തിന്റെ ആശയം അദ്ദേഹം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ആ നിമിഷം ലോകം കേട്ടത് വേദാന്തത്തിന്റെ സര്‍വ്വമതസമന്വയ ദര്‍ശനമായിരുന്നു. ഉപനിഷത്തുകളില്‍ നിന്ന് ഉദ്ഭവിച്ച”ഏകം സത് വിപ്രാഃ ബഹുധാ വദന്തി”എന്ന മഹാവാക്യത്തിന്റെ ആത്മാവാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിഞ്ഞത്.
സംസ്‌കൃത ഭാഷയിലൂടെയും ഭാരതീയ ജ്ഞാനഗ്രന്ഥങ്ങളിലൂടെയും കടന്നുപോകാതെ ഈ ദര്‍ശനത്തെ പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയില്ലെന്ന സത്യം അദ്ദേഹം ഈ പ്രഭാഷണങ്ങളിലൂടെ വ്യക്തമായി പ്രതിപാദിച്ചു. സംസ്‌കൃതഭാഷയെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ അതീവ അഭിമാനത്തോടെയാണ് സംസാരിച്ചത്. ഭാരതീയ ജ്ഞാനപരമ്പരയുടെ മൂലസ്രോതസ്സാണ് സംസ്‌കൃതമെന്നും, വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വിവിധ ദര്‍ശന ശാസ്ത്രങ്ങള്‍ എന്നിവ ലോകചിന്തയ്‌ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹം വിദേശ വേദികളില്‍ ഉറക്കെ പ്രഖ്യാപിച്ചു.
ഭാരതത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശൈലി കൂടുതല്‍ തീക്ഷ്ണവും പ്രചോദനാത്മകവുമായിരുന്നു. യുവാക്കളോട് അദ്ദേഹം ചോദിച്ചു: സ്വന്തം ഗ്രന്ഥങ്ങളെ അറിയാതെയും സ്വന്തം പാരമ്പര്യത്തെ അവഗണിച്ചും ഒരു രാഷ്‌ട്രം എങ്ങനെ ഉയരും?
സംസ്‌കൃതം പഠിക്കുന്നതിനെ അദ്ദേഹം പഴമയുടെ അടയാളമായി കണ്ടില്ല; മറിച്ച് ആത്മബോധത്തിന്റെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും ശക്തമായ മാര്‍ഗമായി കണ്ടു. വിദേശ വേദികളില്‍ അദ്ദേഹം സംസ്‌കൃതത്തെ വെറും പ്രാചീനഭാഷയായി ചിത്രീകരിച്ചില്ല; വേദങ്ങളും ഉപനിഷത്തുകളും ലോകചിന്തയ്‌ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ വിശദീകരിച്ചു കൊണ്ട്, സംസ്‌കൃതം മനുഷ്യന്റെ ആത്മബോധത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം ദൃഢമായി പ്രഖ്യാപിച്ചു.
എഴുന്നേല്‍ക്കൂ, ജാഗ്രതയോടെ, ലക്ഷ്യം കൈവരിക്കും വരെ നിര്‍ത്തരുത്”എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം, സംസ്‌കൃതത്തില്‍ ഉദ്ഭവിച്ച ഭാരതീയ ജ്ഞാനത്തിന്റെ ശാശ്വത ശബ്ദമായി ഇന്നും കാലാതീതമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഉപനിഷദ്-ഗീതാ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെട്ട ഈ യുവത്വാഹ്വാനം, സംസ്‌കൃതവും ഭാരതീയ ജ്ഞാനപരമ്പരയും ആധാരമാക്കി ഭാരതത്തിന്റെ ആത്മീയവും ബൗദ്ധികവുമായ പൈതൃകം ലോകവേദികളില്‍ മുഴക്കിയ സ്വാമി വിവേകാനന്ദനെ, ഒരു കാലഘട്ടത്തിന്റെ ചിന്തകനായി മാത്രമല്ല, നിത്യപ്രചോദനമായി തന്നെ ഉയര്‍ത്തിനിര്‍ത്തുന്നു.
സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം ഭാരതീയ ചിന്താപരമ്പരയില്‍ നിന്നുയര്‍ന്ന സമഗ്ര മാനവവികാസ സങ്കല്‍പ്പമാണ്. വിദ്യാഭ്യാസത്തെ വെറും തൊഴില്‍ സാധനമായോ ഉപജീവനോപാധിയായോ കാണാതെ, മനുഷ്യന്റെ ആത്മബോധം, സ്വഭാവനിര്‍മ്മാണം, ധാര്‍മ്മികമൂല്യങ്ങള്‍ എന്നിവയെ കേന്ദ്രസ്ഥാനത്തുവച്ച ദര്‍ശനമായിരുന്നു അത്. ഈ ദര്‍ശനം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദ്യാഭ്യാസ നയരൂപീ
കരണത്തില്‍ നേരിട്ടും പരോക്ഷമായും സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാല്‍, അതിന്റെ പ്രായോഗിക നടപ്പാക്കല്‍ പരിമിതമായതാണെന്ന് അക്കാദമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു. സംസ്‌കൃതവും ഭാരതീയ ജ്ഞാനപരമ്പരയും വിദ്യാഭ്യാസത്തിന്റെ അടിത്തറയാകണം എന്ന വിവേകാനന്ദന്റെ നിലപാട്, നയരൂപീകരണത്തില്‍ ദീര്‍ഘകാലം അവഗണിക്കപ്പെട്ടിരുന്നു.
വിവേകാനന്ദന്റെ വിദ്യാഭ്യാസദര്‍ശനം നയങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലപ്പുറം, വിദ്യാഭ്യാസത്തിന്റെ ദിനചര്യയിലും പഠനസംസ്‌കാരത്തിലും ജീവസന്നിധിയായി മാറ്റുന്നതാണ് ഭാരതത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിന് മുന്നിലുള്ള യഥാര്‍ത്ഥദൗത്യം.
സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് പ്രായോഗികമായി നടപ്പാക്കുന്നതില്‍ രാമകൃഷ്ണമിഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ വിദ്യാര്‍ത്ഥികളെ അക്കാദമികമായി മാത്രമല്ല, ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധവും അച്ചടക്കവും മൂല്യാധിഷ്ഠിതമായ ജീവിതദര്‍ശനവും വളര്‍ത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിവ് പഠനക്രമങ്ങള്‍ക്ക് പുറമെ സ്പോര്‍ട്സ്, യോഗ, വ്യക്തിത്വവികസന ക്യാമ്പുകള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് കൃത്യമായ പ്രാധാന്യം നല്‍കി വിദ്യാര്‍ത്ഥികളുടെ സമഗ്രവികാസം ഉറപ്പാക്കുകയാണ് ഇവയുടെ ലക്ഷ്യം.
ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയങ്ങളും പോളിടെക്നിക് കോളേജുകളും മനുഷ്യനിര്‍മ്മാണവും സ്വഭാവനിര്‍മ്മാണവും ലക്ഷ്യമാക്കി വിദ്യാഭ്യാസം നല്‍കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നു. വിവേകാനന്ദന്‍ സ്വപ്നംകണ്ട ശക്തവും സ്വാഭിമാനപൂര്‍ണ്ണവും ആത്മവിശ്വാസമുള്ളതും മൂല്യബോധമുള്ളതുമായ മനുഷ്യന്‍ എന്ന വിദ്യാഭ്യാസാദര്‍ശം, ആധുനിക സാഹചര്യങ്ങളില്‍ പ്രായോഗികമായി സാക്ഷാത്കരിക്കപ്പെടുകയാണ്. ആ കാഴ്ചപ്പാടുകളെ ദൃഢീകരിക്കുന്നതാകട്ടെ ഓരോ വിവേകാനന്ദ ജയന്തിയും.
















