പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് അയ്യപ്പ സ്വാമിയെ അണിയിക്കാനുളള തിരുവാഭരണം വഹിച്ചുളള ഘോഷയാത്ര തിങ്കളാഴ്ച ആരംഭിക്കും.ഉച്ചയ്‌ക്ക് ഒരു മണിക്ക് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ ഘോഷയാത്ര ആരംഭിക്കും. രാവിലെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണം ദര്‍ശിക്കാനാകും. പിന്നീട് ശ്രീകോവിലിന് മുന്നിലേക്ക് തിരുവാഭരണ പേടകം മാറ്റും.
നാരായണവര്‍മ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.തിങ്കളാഴ്ച രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ സത്രത്തില്‍ തങ്ങും. 14ന് വൈകിട്ട് അഞ്ച് മണിക്ക് പമ്പയില്‍ ഘോഷയാത്ര എത്തും. സന്ധ്യക്ക് 6.40 ഓടെ ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും.
അതേസമയം, ഞായറാഴ്ച എരുമേലി പേട്ടതുളളല്‍ നടന്നു.അമ്പലപ്പുഴ സംഘം ഉച്ചയ്‌ക്ക് പേട്ട തുളളി തുടങ്ങി. ഘോഷയാത്ര നയിനാര്‍ മസ്ജിദിലെ സ്വീകരണം ഏറ്റുവാങ്ങി ഗജവീരന്മാര്‍ അടക്കം പളളിയെ വലം വച്ചു.ഉച്ച തിരിഞ്ഞാണ് ആലങ്ങാട്ട് സംഘം പേട്ട തുളളിയത്.വാവര് സ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം പോയെന്നുളള വിശ്വാസത്തില്‍ സംഘം നയിനാര്‍ മസ്ജിദിന്റെ പുറത്ത് നിന്ന് തൊഴുത് പോയി.
















