ന്യൂദല്‍ഹി: കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സുപ്രീം കോടതി. ‘റോമിയോ-ജൂലിയറ്റ്’ ക്ലോസ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കൗമാരക്കാരായ കമിതാക്കളെ പോക്‌സോ നിയമം പ്രകാരമുള്ള കടുത്ത ക്രിമിനല്‍ നടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കൗമാരക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെങ്കില്‍ പോലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കപ്പെടുന്നതോടെ ആണ്‍കുട്ടി പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കഠിനമായി ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്തവരോ സമാന പ്രായത്തിലുള്ളവരോ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങള്‍ക്ക് കര്‍ശനമായ ലൈംഗിക കുറ്റകൃത്യ നിയമങ്ങളില്‍ നിന്ന് ഇളവ് നല്‍കുന്ന നിയമ വ്യവസ്ഥയെയാണ് ‘റോമിയോ-ജൂലിയറ്റ്’ ക്ലോസ് സൂചിപ്പിക്കുന്നത്.
















