ന്യൂദല്‍ഹി: വസ്തു ഇടപാടുകാരനായ ഭര്‍ത്താവ് ബിജേന്ദര്‍ യാദവിന്റെ കൊലപാതകത്തിലെ സാക്ഷിയായ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ച് ദല്‍ഹി പൊലീസ്. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റാണ് ബിജേന്ദര്‍ യാദവിന്റെ ഭാര്യ രചന (51) കൊല്ലപ്പെട്ടത്. അക്രമികളില്‍ ഒരാള്‍ ബിജേന്ദറുടെ കൊലപാതകത്തിലും പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഭര്‍ത്താവ് ബിജേന്ദര്‍ യാദവിന്റെ കൊലപാതകത്തിലെ സാക്ഷികളില്‍ ഒരാളായിരുന്നു രചന. ഭീഷണിയെത്തുടര്‍ന്ന് അവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ വാദം കേള്‍ക്കലില്‍ പങ്കെടുത്തിരുന്നത്. അയല്‍വാസിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് രചന ആക്രമിക്കപ്പെട്ടത്. 2023 ല്‍, ഭല്‍സ്വ ഗ്രാമത്തിലെ സുഹൃത്തുക്കളോടൊപ്പം ബേക്കറിക്ക് പുറത്ത് ഇരിക്കുമ്പോഴാണ് ബിജേന്ദര്‍ വെടിയേറ്റ് മരിച്ചത്.
















