ന്യൂദൽഹി : ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയായി വരുമെന്നത് അസദുദ്ദീൻ ഒവൈസിയുടെ സ്വപ്നം മാത്രമാണെന്നും, നടക്കാൻ പോകുന്നില്ലെന്നും ജഗദ്ഗുരു രാമഭദ്രാചാര്യ . ഇന്ത്യയിൽ ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ അവർ സാരി ധരിക്കുന്നവരായിരിക്കുമെന്നും, ഹിജാബ് ധരിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നടത്തിയതിന് ഒവൈസിയെ രാമഭദ്രാചാര്യ വിമർശിച്ചു. ജയ്‌പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“അബ്ദുൾ കലാം രാഷ്‌ട്രപതിയായി, ഹമീദ് അൻസാരി ഉപരാഷ്‌ട്രപതിയായി, അവർക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? …അവർ ദിവാസ്വപ്നം കാണുകയാണ്. “ – രാമഭദ്രാചാര്യ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ സോളാപൂരിൽ നടന്ന റാലിയിലായിരുന്നു എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയുടെ വിവാദ പ്രസ്താവന. “ഒരു മതത്തിൽപ്പെട്ട ഒരാൾക്ക് മാത്രമേ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന് പാകിസ്ഥാൻ ഭരണഘടന വ്യക്തമായി പറയുന്നു. ബാബാ സാഹിബിന്റെ ഭരണഘടനയിൽ ഇന്ത്യയിലെ ഏതൊരു പൗരനും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മേയറോ ആകാമെന്ന് പറയുന്നു. ഹിജാബ് ധരിച്ച ഒരു മകൾ ഒരു ദിവസം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ സ്വപ്നം.” ഒവൈസിയുടെ പ്രസ്താവന ഇപ്പോൾ വൈറലായിരിക്കുകയാണ്, പലതരം പ്രതികരണങ്ങൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
















