തൃശ്ശൂര്‍: വേദികളുടെയും പന്തലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. പ്രധാന വേദികളിലെ ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം, ഇലക്ട്രിക്കല്‍ പരിശോധനകള്‍ എന്നിവ പൂര്‍ത്തിയായി.
കലോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദിവസേനയുള്ള മെനു തയ്യാറാക്കി. ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാണ്. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
മത്സര ക്രമം സംബന്ധിച്ച ക്ലസ്റ്റര്‍ ലിസ്റ്റുകള്‍ തയ്യാറാക്കി. വിധിനിര്‍ണ്ണയം സുതാര്യമാക്കാന്‍ വിപുലമായ ഐടി സംവിധാനങ്ങളും ടാബുലേഷന്‍ ക്രമീകരണങ്ങളും സജ്ജമാണ്. ഓരോ വേദികളിലും സ്റ്റേജ് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടെ സേവനം മത്സര ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മീഡിയ റൂം, പവലിയന്‍ എന്നിവ സജ്ജീകരിക്കും.
ഗതാഗതം & സുരക്ഷ: മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഫിറ്റ്‌നസ് പരിശോധനയും നടത്തി.
ഹരിത കലോത്സവം: ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. മത്സരശേഷം വേദികള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.
എല്ലാവരും അവരവരുടെ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകള്‍ കയ്യില്‍ കരുതണം. ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കണം. വെളളം നിറയ്‌ക്കാന്‍ എല്ലായിടത്തും വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ടായിരിക്കും.
പാക്കറ്റ് ഫുഡ് (ചിപ്സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്), ടെട്രാ പാക്ക് ജ്യൂസുകള്‍ തുടങ്ങിയവ കലോത്സവ നഗരിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇവ ആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമാണ്.
പരിശോധന: പ്രവേശന കവാടങ്ങളില്‍ പരിശോധനയുണ്ടാകും. മാലിന്യമാകാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ കൊണ്ടുവന്നാല്‍ അതില്‍ 10 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിക്കും. തിരികെ പോകുമ്പോള്‍ ഈ സാധനം കൗണ്ടറില്‍ കാണിച്ചാല്‍ മാത്രമേ ആ 10 രൂപ തിരികെ ലഭിക്കൂ. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എല്ലാവരും സ്റ്റീല്‍ പാത്രങ്ങളിലോ ടിഫിന്‍ ബോക്‌സുകളിലോ ഭക്ഷണം കരുതുക.
പുനരുപയോഗം – സ്വാപ്പ് ഷോപ്പ്:
പഴമയാണ് ഫാഷന്‍’ എന്ന ആശയത്തില്‍ ഒരു സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഉപയോഗയോഗ്യമായതും എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതുമായ സാധനങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരാം. പകരം, അവിടെയുള്ള മറ്റൊരു സാധനം നിങ്ങള്‍ക്ക് സൗജന്യമായി എടുക്കാം. വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
2. ഉത്തരവാദിത്ത ഭക്ഷണശീലം
ജീവിതശൈലീ രോഗങ്ങള്‍ കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, പ്രോസസ്ഡ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം നല്‍കാനാണ് തീരുമാനം. അമിതമായ മധുരവും എണ്ണയും ഒഴിവാക്കി, പുഴുങ്ങിയതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ മാത്രമേ കലോത്സവത്തില്‍ വിളമ്പുകയുള്ളൂ.
3. ഉത്തരവാദിത്ത മത്സരം
ഇന്നത്തെ ലോകത്ത് ജീവിതമെന്നാല്‍ മത്സരമാണെന്ന തെറ്റായ ധാരണയുണ്ട്. കലോത്സവത്തിലെ തോല്‍വി ജീവിതത്തിലെ തോല്‍വിയല്ല, മറിച്ച് വലിയ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ‘തോല്‍വിയെ മാന്യമായി അംഗീകരിക്കുന്നതാണ് ജീവിതത്തിലെ യഥാര്‍ത്ഥ വിജയം’ എന്ന വലിയ പാഠം കുട്ടികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
തുടര്‍പദ്ധതികള്‍: നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകള്‍
കലോത്സവത്തിന് ശേഷം, കുട്ടികളില്‍ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളര്‍ത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ട് പുതിയ ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കുകയാണ്.
നാരങ്ങാമിഠായി: കുട്ടികളുടെ ‘കളിക്കാനുള്ള അവകാശം’ സംരക്ഷിക്കുന്ന പദ്ധതിയാണിത്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിര്‍ബന്ധമായും കളിച്ചിരിക്കണം. ഇത് സ്‌പോര്‍ട്‌സ് മാത്രമല്ല, മറിച്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള, കൂട്ടുകൂടിയുള്ള കളികളാണ്. ട്യൂഷനും പഠനത്തിനും അപ്പുറം, കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്‌ക്കും ഭാവിയിലെ കുടുംബജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും ഈ കളി അനിവാര്യമാണ്.
വിഷയാധിഷ്ഠിത ആഴ്ചകള്‍: അടുത്ത 6 ആഴ്ചകളില്‍ ഓരോ ആശയങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാലയങ്ങളില്‍ പ്രത്യേക ആഴ്ചകള്‍ ആചരിക്കും.
ഇത് സംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച സ്‌കൂളുകളില്‍ എത്തും. ജനുവരി 12 മുതല്‍ 17 വരെയുള്ള തീയതികളില്‍ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേര്‍ന്ന് ഇതിന്
പിന്തുണ നല്‍കണം.
ആ 6 ആഴ്ചകള്‍ ഇവയാണ്:
ആഴ്ച 1: ശകാരിക്കാത്ത വാരം
ആഴ്ച 2: അഭിനന്ദന വാരം
ആഴ്ച 3: ഡിജിറ്റല്‍ അടിമത്വം ഉപേക്ഷിക്കല്‍ വാരം
ആഴ്ച 4: നന്ദി പ്രകടന വാരം
ആഴ്ച 5: ക്ഷമാപണ വാരം
ആഴ്ച 6: സ്‌നേഹ (ലവ്) വാരം
ജനുവരി 14 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ഈ കലാപൂരത്തില്‍ 24 വേദികളിലായി 249 ഇനങ്ങളില്‍ 15,000-ത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്‌ക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് വടക്കുന്നാഥ മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആകും.
ഉദ്ഘാടനത്തിന് ഡെലേലുവും
‘സര്‍വംമായ’ എന്ന സിനിമയിലൂടെ ‘ഡെലേലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കും.
















