സ്വാമി വിവേകാനന്ദന്‍ വെറുമൊരു സംന്യാസിയായിരുന്നില്ല; ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തിയ മഹാസ്വപ്‌നദര്‍ശിയായിരുന്നു. പകലും രാത്രിയും അദ്ദേഹം കണ്ട സ്വപ്‌നം തന്റെ മാതൃരാജ്യത്തെക്കുറിച്ചായിരുന്നു. ഭാരതം എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം സമുദ്രം പോലെ ഇളകിമറിഞ്ഞു. പാശ്ചാത്യ ശിഷ്യയായ സിസ്റ്റര്‍ ക്രിസ്റ്റീന്‍ അനുസ്മരിക്കുന്നത് പോലെ, വിവേകാനന്ദന്റെ ശബ്ദത്തില്‍ ആ വാക്ക് കേള്‍ക്കുമ്പോള്‍ കേള്‍വിക്കാരുടെ ഉള്ളില്‍ രാജ്യത്തോടുള്ള സ്നേഹവും വീര്യവും ഒരേസമയം ഉണരുമായിരുന്നു. 1921-ല്‍ ബേലൂര്‍ മഠം സന്ദര്‍ശിച്ച മഹാത്മാഗാന്ധി പറഞ്ഞത്, വിവേകാനന്ദന്റെ കൃതികള്‍ വായിച്ചതിലൂടെ തന്റെ രാജ്യസ്‌നേഹം ആയിരം മടങ്ങ് വര്‍ദ്ധിച്ചു എന്നാണ്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ വിയോഗത്തിന് ശേഷം ഭാരതത്തിന്റെ മുക്കിലും മൂലകളിലും സ്വാമി വിവേകാനന്ദന്‍ നടത്തിയ പരിവ്രാജക സഞ്ചാരം രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണ നല്‍കി. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കാല്‍നടയായി സഞ്ചരിച്ച അദ്ദേഹം മഹാരാജാക്കന്മാര്‍ മുതല്‍ തെരുവില്‍ കഴിയുന്ന ഭിക്ഷക്കാര്‍ വരെയും, പണ്ഡിതര്‍ മുതല്‍ നിരക്ഷരര്‍ വരെ, സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള മനുഷ്യരെയും നേരില്‍ കണ്ടു. ഈ അനുഭവങ്ങളിലൂടെ ഭാരതത്തിന്റെ പതനത്തിന്റെ മൂലകാരണങ്ങള്‍ തിരിച്ചറിഞ്ഞു. ജനസാമാന്യത്തോടുള്ള അവഗണനയെ ദേശീയ പാപമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ ദരിദ്രരും അധഃസ്ഥിതരുമായ വിഭാഗങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കാത്തവിധം ക്രൂരമായ സാമൂഹിക വ്യവസ്ഥിതി ഇവിടെ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത കുലജാതരുടെ കുത്തകയായി മാറിയതും സാധാരണക്കാരിലേക്ക് അറിവ് എത്താതിരുന്നതും ഭാരതത്തിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. അച്ചടക്കത്തിന്റെയും സംഘാടനശേഷിയുടെയും അഭാവമാണ് ഭാരതം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്ന് വിവേകാനന്ദന്‍ നിരീക്ഷിച്ചു. വ്യക്തിപരമായി ഓരോ ഭാരതീയനും അസാമാന്യമായ കഴിവുകളുള്ളവരാണെങ്കിലും, ഒരു പൊതുലക്ഷ്യത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇല്ലാതെ പോയി. സ്വാര്‍ത്ഥതയും അസൂയയും വെടിഞ്ഞ് ഒന്നിച്ച് നില്‍ക്കാന്‍ കഴിയാത്തതാണ് നമ്മുടെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് അര്‍ഹമായ ബഹുമാനവും സ്വാതന്ത്ര്യവും നല്‍കാത്തതിനെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. ശക്തിയെ ആദരിക്കാത്ത രാജ്യം മഹത്വത്തിലേക്ക് ഉയരില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തന്റെ രാജ്യത്തെ എത്രമാത്രം ആഴത്തില്‍ സ്നേഹിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.
നമ്മുടെ ഈ ദേശീയ നൗകയില്‍ ഏതെങ്കിലും തരത്തിലുള്ള ദ്വാരങ്ങളുണ്ടെങ്കില്‍, മക്കളെന്ന നിലയില്‍ നമ്മള്‍ രക്തം നല്‍കിയാണെങ്കിലും ആ ദ്വാരങ്ങള്‍ അടയ്‌ക്കാന്‍ തയ്യാറാകണമെന്നും ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറയരുത് എന്നും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ഭാരതത്തിന്റെ പുനരുദ്ധാരണത്തിന് ജനസാമാന്യത്തിന്റെ ഉന്നമനമാണ് ഏറ്റവും അനിവാര്യമെന്ന് സ്വാമി വിശ്വസിച്ചു. യഥാര്‍ത്ഥ രാഷ്‌ട്രം ജീവിക്കുന്നത് കൊട്ടാരങ്ങളിലല്ല, ഗ്രാമങ്ങളിലെ കുടിലുകളിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദരിദ്രരും നിരക്ഷരരുമായ സാധാരണക്കാര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും അന്തസ്സും ഉറപ്പാക്കാതെ നടത്തുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനവും രാജ്യത്തിന് ഗുണകരമാകില്ല. സേവനം ആദ്യം പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ആയിരിക്കണം. അതിനായി, പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു. പട്ടിണി കിടക്കുന്നവനോട് മതം പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, സ്വര്‍ഗ്ഗത്തിലെ നിത്യമായ സന്തോഷത്തേക്കാള്‍ ഉപരിയായി ഈ ഭൂമിയില്‍ ഒരു കഷണം അപ്പവും ജീവിതവും നല്‍കാന്‍ കഴിയാത്ത ദൈവത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഭൗതികമായ പുരോഗതിയും ആത്മീയമായ കരുത്തും ഒന്നുപോലെ രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം കരുതി.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വിപ്ലവകരമായിരുന്നു. കേവലം വിവരങ്ങള്‍ തലയില്‍ കുത്തിനിറയ്‌ക്കുന്ന ഒന്നല്ല വിദ്യാഭ്യാസം. മനുഷ്യന്റെ ഉള്ളിലുള്ള പൂര്‍ണ്ണതയെ പുറത്തുകൊണ്ടുവരുന്ന പ്രക്രിയയാണത്. സ്വഭാവരൂപീകരണത്തിനും ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും സഹായിക്കുന്ന മനുഷ്യനെ നിര്‍മിക്കുന്ന വിദ്യാഭ്യാസം (മാന്‍ മേക്കിങ് എഡ്യൂക്കേഷന്‍) ആണ് നമുക്ക് വേണ്ടത്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ദരിദ്രരെയും അവശരെയും കുറിച്ച് ചിന്തിക്കാത്ത ഓരോരുത്തരെയും രാജ്യദ്രോഹികളായാണ് വിവേകാനന്ദന്‍ കണക്കാക്കിയത്.
സ്ത്രീകളുടെ ഉന്നമനത്തിന് അദ്ദേഹം പരമമായ സ്ഥാനം നല്‍കി. ഭയമില്ലായ്‌മയും പരസ്പര സഹകരണവും മുഖമുദ്രയാക്കി മുന്നേറാന്‍ ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്. ഭാരതത്തിന്റെ ഭാവി യുവജനങ്ങളിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. സിംഹങ്ങളെപ്പോലെ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് പ്രത്യാശിച്ചു. ഭാരതത്തിന്റെ വായുവും മണ്ണും അദ്ദേഹത്തിന് തീര്‍ത്ഥാടന കേന്ദ്രങ്ങളായിരുന്നു. ഭൂതകാലത്തെക്കാള്‍ മനോഹരമായ ഭാവി ഭാരതത്തിനുണ്ടെന്ന് പ്രവചിച്ചു.
സ്വാമി വിവേകാനന്ദന്‍ കണ്ട സ്വപ്‌നങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയൊരു വെളിച്ചമായി നിലകൊള്ളുന്നു. ആഗോളതലത്തില്‍ ഭാരതം വലിയ ശക്തിയായി വളരാന്‍ ശ്രമിക്കുമ്പോള്‍, വിവേകാനന്ദന്‍ വിഭാവനം ചെയ്ത ആത്മവിശ്വാസമുള്ള ഭാരതം എന്ന സങ്കല്പം ഏറെ പ്രധാനമാണ്. അഴിമതിയും സ്വാര്‍ത്ഥതയും സാമൂഹികമായ വേര്‍തിരിവുകളും വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍, സ്വഭാവശുദ്ധിയുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന അദ്ദേഹത്തിന്റെ പാഠങ്ങള്‍ നാം ഗൗരവത്തോടെ കാണണം. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാനും സേവിക്കാനും പഠിപ്പിച്ച അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ആധുനിക ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് അത്യന്താപേക്ഷിതമാണ്.
ഈ രാഷ്‌ട്രനിര്‍മാണ പ്രക്രിയയില്‍ സ്വാമിജി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചത് രാജ്യത്തെ യുവജനങ്ങളിലാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവുമാണ് ഭാരതത്തെ അതിന്റെ പൂര്‍വ്വ പ്രതാപത്തിലേക്ക് നയിക്കുക എന്ന് അദ്ദേഹം വിശ്വസിച്ചു. ”എന്റെ ആശയങ്ങള്‍ സിംഹങ്ങളെപ്പോലെ പ്രവര്‍ത്തിച്ചു കാണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. യുവജനങ്ങളേ, ഉത്തിഷ്ഠത ജാഗ്രത! എഴുന്നേല്‍ക്കുക, ഉണരുക. ലക്ഷ്യം കാണുന്നതുവരെ വിശ്രമിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. മാതൃരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ നമുക്ക് ചാലകശക്തിയാകട്ടെ.
ഓരോ ഭാരതീയന്റെയും സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇന്നും കരുത്തുണ്ട്. അതിനാല്‍, സ്വന്തം സുഖസൗകര്യങ്ങള്‍ക്കപ്പുറം സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ യുവതലമുറ സന്നദ്ധരാകണം. നിസ്വാര്‍ത്ഥമായ സേവനത്തിലൂടെയും അചഞ്ചലമായ രാജ്യസ്‌നേഹത്തിലൂടെയും ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാമിജി പറഞ്ഞതുപോലെ, നമുക്ക് ഒരുമിച്ച് നില്‍ക്കാം, പ്രവര്‍ത്തിക്കാം; വരാനിരിക്കുന്ന മഹത്തായ ഭാരതത്തിനായി നമ്മെത്തന്നെ സമര്‍പ്പിക്കാം.
















