മഹാപര്‍വ്വങ്ങള്‍, മഹകനദികള്‍, മഹാകാവ്യങ്ങള്‍ എന്നിവകളാല്‍ പെരുമപ്പെട്ട ഈ രാജ്യം, ഒരു മഹാക്വിസ്സിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉദ്യമിക്കുകയാണ്. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്. ഏതു പ്രതിഭാശാലിയിലൂടെ ഉത്ഭവംകൊണ്ടതാണെങ്കിലും സമ്മതിക്കണം. ഇത്ര ഭാവനാസമ്പന്നമായൊരു വിദ്യാഭ്യാസ പരിഷ്‌കാരം തുഗ്ലക്കിന്റെ കാലത്തുപോലും സംഭവിച്ചിട്ടില്ലതന്നെ. അക്ഷരമാലയെ പുറത്താക്കി, പാഠപുസ്തകം നവീകരിച്ചതുപോലെ ഒരു മെഗാപദ്ധതി.
എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൗശലത്താല്‍ പണ്ടേതന്നെ ഡിപിഇപിക്കാലത്ത് ഹൈജാക്കു െചയ്യപ്പെട്ടതാണ്. സര്‍ക്കാര്‍ വികസനനേട്ടങ്ങളും മുഖ്യമന്ത്രിയുടെ പര്യായപദങ്ങളും പഠിക്കാതെ എന്തു വിദ്യാഭ്യാസം? അക്ഷരമാലയില്ലെങ്കിലെന്താ, ഡിപിഇപി ഉണ്ടല്ലോ എന്നതായിരുന്നു മുദ്രാവാക്യം. പൊതുപരീക്ഷാ വിജയശതമാനം നൂറ് കടക്കാന്‍ വെമ്പുകയാണ്.
സ്‌കൂള്‍ യുവജനോത്സവകാലമാണല്ലോ ഇത്. മത്സരം അടിമുടി രാഷ്‌ട്രീയ പ്രേരിതമാക്കാന്‍ പറ്റിയ സമയം. തിരുവാതിരകളി, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം, പരിചമുട്ട്, കവിതാരചന, കോല്‍ക്കളി, അറവനമുട്ട് തുടങ്ങിയവയെല്ലാം ഓരോ മന്ത്രിമാരുടെ പേരിലാക്കാവുന്നതേയുള്ളൂ. എല്ലാ ഇനങ്ങളും ആരംഭിക്കുന്നത് കാരണഭൂതവന്ദനത്തിലൂടെ ആകുന്നതാണ് ബുദ്ധി! അക്ഷരശ്ലോകം, ഓട്ടന്‍തുള്ളല്‍, പ്രസംഗം, കഥാപ്രസംഗം എന്നിവയിലും ഭരണനേട്ടങ്ങള്‍ ചെലുത്താം! ഇപ്രകാരം വിജയശ്രീലാളിതരാകുന്നവര്‍ക്ക് ചെമ്പുതെളിയാത്ത സ്വര്‍ണ്ണക്കപ്പും നല്‍കാം.
പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനാനുവാദം നല്‍കാനാണിട. അവര്‍ക്കും പാത നാളെ പിന്തുടരാന്‍ അവസരം കിട്ടുമല്ലോ? പൊതുപരീക്ഷകളിലും ഈ പദ്ധതി ആവിഷ്‌കരിക്കുന്നതോടെ ഭരണം എളുപ്പമാവും. വീടുകളിലും സ്‌കൂള്‍-കോളേജ് വരാന്തകളിലും വിദ്യാര്‍ത്ഥികള്‍ രാപകലില്ലാതെ ഭരണനേട്ടങ്ങള്‍ ഉച്ചത്തില്‍ വായിച്ചുപഠിക്കുന്നത് മനഃകണ്ണുകൊണ്ട് കണ്ടു നോക്കൂ. എല്ലാവരും ‘ഹിരണ്യായ നമ’ എന്നു ജപിക്കുന്ന പുതിയ കാലം എത്ര രോമാഞ്ചജനകമായിരിക്കും!
പാഴാക്കാന്‍ നമ്മുടെ ജീവിതം ഇനിയും ബാക്കി!
















