ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ -58 പ്രദേശത്ത് കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനിയെ പ്രതി തന്റെ മുറിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫത്തേപൂർ ടാഗ ഗ്രാമവാസിയായ സാജിദ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. പോലീസ് സാജിദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒന്നാം വർഷ ബിഎ വിദ്യാർത്ഥിനിയും ബല്ലഭ്ഗഡ് പ്രദേശത്തെ താമസക്കാരിയുമാണ് ഇര. കോളേജിലേക്ക് പോകാൻ പെൺകുട്ടി ദിവസവും സാജിദിന്റെ ഓട്ടോറിക്ഷയാണ് ഉപയോഗിച്ചിരുന്നത്.
കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴും സാജിദ് തന്റെ സുഹൃത്തായി അഭിനയിച്ച് ക്രമേണ തന്റെ വിശ്വാസം നേടിയെടുത്തുവെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോളേജ് കഴിഞ്ഞ് സാജിദ് തന്നെ വീട്ടിൽ വിടാൻ വേണ്ടി ഓട്ടോയിൽ കയറ്റി സമയ്‌പുർ ഗ്രാമത്തിലെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യം ചെയ്ത ശേഷം ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. ഇതിനു ശേഷവും യുവാവ് വീണ്ടും തന്നെ സമയം ചെലവഴിക്കാൻ നിർബന്ധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സംഭവത്തിനുശേഷം താൻ ദിവസങ്ങളോളം കോളേജിൽ പോയില്ല. പിന്നീട് താൻ വീണ്ടും കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ പ്രതി തന്നെ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങിയെന്നും യുവതി പരാതിയിൽ പറയുന്നു.
തുടർന്ന് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥിനി ഒടുവിൽ സംഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞു. തുടർന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതി സാജിദിനെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ദൽഹിയിലും ഫരീദാബാദിലും പോക്സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ആറ് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
















