കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ് തോന്നിക്കുന്ന കടുവയെ രാത്രി പന്ത്രണ്ടോടെ വയനാട് കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി. കൊന്ന പശുക്കളെ തിന്നാൻ കടുവ തിരിച്ചെത്തുമെന്ന നിഗമനത്തിൽ കിടാരിയുടെ ജഡം വച്ച് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.
ജനവാസമേഖലയില്‍ കടുവ ഇറങ്ങിയത് കാരണം പ്രദേശവാസികളുടെ ജീവിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുള്‍മുനയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ ഇന്നലെ അർദ്ധരാത്രിയോടെ വീണത്. നേരത്തെയും നാട്ടില്‍ കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും അവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല.















