കോട്ടയം: റബര്‍ മേഖലയുടെ വിജയം കര്‍ഷകരുടെ വിജയമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. റബര്‍ ബോര്‍ഡിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിങ്ങിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ താത്പര്യത്തോടെ റബര്‍ മേഖലയിലേക്ക് വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റബര്‍ കൃഷി സംവിധാനം ആധുനികമായി. റബറുത്പന്ന നിര്‍മാണ മേഖലയിലെ സംസ്‌കരണ യൂണിറ്റുകളില്‍ കേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാമ്പസിലെ സ്മാരകവും കേന്ദ്രമന്ത്രി അനാച്ഛാദനം ചെയ്തു. എന്‍ഐആര്‍ടിയുടെ മുന്‍ ഡയറക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. റബര്‍ മാസികയുടെ വജ്ര ജൂബിലിയുമായി ബന്ധപ്പെട്ട മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സുവനീറും, ലോഗോയും പ്രകാശനം ചെയ്തു. ചടങ്ങില്‍, റബര്‍ ബോര്‍ഡും നാഗാലാന്‍ഡ് ഗവണ്‍മെന്റിന്റെ എല്‍ആര്‍ഡിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, ഡയറക്ടര്‍ പ്രിയ വര്‍മ്മ എച്ച്., മുന്‍ ഡയറക്ടര്‍ ഡോ. എന്‍.എം. മാത്യു, മുന്‍ ആര്‍പിസി ഡോ. എ.കെ. കൃഷ്ണകുമാര്‍, കുസാറ്റ് വകുപ്പ് മേധാവി പ്രൊഫ. ഷൈലജ ജി.എസ്., ആര്‍പിസി ഡോ. സിജു ടി., ഡയറക്ടര്‍ (ഗവേഷണം) ഡോ. എ.എസ്. ദേബബ്രത റേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















