വസായ്: മഹാനഗര്‍ പാലിക തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തെ അധികാരത്തിലേറ്റണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വസായിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.ബി. ഉത്തംകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വസായ് വെസ്റ്റിലെ വിശ്വകര്‍മ്മ ഹാളില്‍ സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസായ് വിരാര്‍ കോര്‍പ്പറേഷനില്‍ ബിജെപി സഖ്യം അധികാരത്തില്‍ വന്നാല്‍ ത്രിബിള്‍ എഞ്ചിന്‍ സര്‍ക്കാരാകും. അതോടെ ദേവേന്ദ്ര ഫഡ്നവിസ് സ്വപ്‌നം കാണുന്ന വികസന പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പിലാക്കാന്‍കഴിയും. കേരളത്തില്‍ നേരിടുന്നത് ഇതേ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാത്തതിനാല്‍ പല കേന്ദ്രപദ്ധതികളും മുടങ്ങിക്കിടക്കുകയാണ്.
മിനിഗോവ എന്നറിയപ്പെടുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള വസായിക്ക് ടൂറിസം ഭൂപടത്തില്‍ ഒരു സ്ഥാനമുണ്ടാക്കി ഇവിടുത്തെ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പാക്കണമെന്ന ഉത്തംകുമാറിന്റെ അഭ്യര്‍ത്ഥനയ്‌ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പദ്ധതി രൂപരേഖ തയാറാക്കി മുഖ്യമന്ത്രിക്കും സംസ്ഥാന ടൂറിസം മന്ത്രിക്കും നല്‍കി അതിന്റെ പകര്‍പ്പ് തന്നാല്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കി.
എസ്എന്‍ഡിപി യോഗത്തിന് വേണ്ടി രമേശ് കാട്ടുങ്ങല്‍, നായര്‍ വെല്‍ഫേര്‍ അസോസിയേഷനു വേണ്ടി പ്രഭ പി. നായര്‍, കെജികെ കുറുപ്പ്, കേന്ദ്രീയ നായര്‍ സംഘടന പ്രസിഡന്റ് ഹരികുമാര്‍ മേനോന്‍, നായര്‍ വെല്‍ഫേര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.സി. രാജ്കുമാര്‍ തുടങ്ങി നിരവധി സംഘടന പ്രതിനിധികള്‍ സുരേഷ് ഗോപിയെ ആദരിച്ചു.
















