കൊല്ലം :ശബരിമല തന്ത്രി കണ്ഠര് രാജീവര് ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും മറ്റു പ്രതികളോടൊപ്പം ചേര്‍ന്ന് ലാഭം ഉണ്ടാക്കിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.ശബരിമല കട്ടിളപ്പാളി കേസില്‍ പതിമൂന്നാം പ്രതിയാണ് തന്ത്രി.
കട്ടിളപ്പാളി ഇളക്കിക്കൊണ്ട് പോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ തന്ത്രി എന്തു കൊണ്ട് അക്കാര്യം അറിയിച്ചില്ലെന്നതും പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ എടുത്ത് കാട്ടുന്നു.പാളികള്‍ ഇളക്കുന്ന ദിവസം ഉള്‍പ്പെടെ ശബരിമലയില്‍ ഉണ്ടായിരുന്നിട്ടും മൗനാനുവാദം നല്‍കിയെന്നും തന്ത്രിയുടേത് കുറ്റകരമായ മൗനാനുവാദമാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ് . കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം.പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെകുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാളികള്‍ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോര്‍ഡിനെ അറിയിച്ചില്ല. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കി.ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ല. ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
















