കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റെന്ന് പറഞ്ഞ് യുവതിയുടെ 36 ലക്ഷം രൂപ തട്ടിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയുടെ പണമാണ് കവര്‍ന്നത്. പാറോപ്പടി സ്വദേശി കെ. ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസില്‍ (35), അത്താണിക്കല്‍ സ്വദേശി കെ.വി. ഷിഹാബ് (43), മലാപറമ്പ് സ്വദേശി എ.റബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബയ് കനറാ ബാങ്കില്‍ ആരോ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ടിലൂടെ നാലു കോടി രൂപയുടെ കള്ളപ്പണമിടപാട് നടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം നടത്തിയത്. കേസിലെ വിദേശ ബന്ധങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചു.
















