കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ റിമാന്‍ഡു ചെയ്തു.കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കൊള്ളയില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണ്. ഇക്കാര്യം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്‌ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്ത്രി പ്രതികരിച്ചത്.
















