തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ക്ക് അവസരം നല്‍കരുതെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് ഇക്കുറി ഭരണം പിടിക്കാന്‍ കഴിയുമെന്നു കരുതുന്ന ഒരു വിഭാഗമാണ് ചില നേതാക്കളുടെ ഇടനിലക്കാരായി ഈയൊരാവശ്യവുമായി രംഗത്തുവരുന്നത്. ചില നേതാക്കളെ ലക്ഷ്യമിട്ട് ഒരു മുഴം നീട്ടിയുള്ള ഏറാണിതെന്നാണ് എതിര്‍പക്ഷത്തിന്‌റെ വിമര്‍ശനം. ലോക്‌സഭാംഗമായ കെ.സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് എംപിമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യം മുഖ്യമായും ഉയരുന്നത്. എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും ഇക്കൂട്ടര്‍ക്ക് ഭയമുണ്ട്. പാര്‍ട്ടിക്ക് ഭരിക്കാനുള്ള അംഗസംഖ്യ ഒത്തുവന്നാല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമവായ മുഖ്യമന്ത്രിയായി കെ സി വേണിഗോപാലിനെ ഹൈക്കമാന്‍ഡ് കെട്ടിയിറക്കുമോ എന്ന ഭയം മുഖ്യമന്ത്രിക്കുപ്പായം കാത്തിരിക്കുന്ന വിഡി സതീശനും രമേശ് ചെന്നിത്തലയ്‌ക്കുമുണ്ട്. മുന്നോക്കക്കാരായ ഇവരെയാരെയും മുഖ്യമന്ത്രിയാക്കേണ്ടെന്ന് പാര്‍ട്ടി നിലപാട് സ്വീകരിച്ചാല്‍ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാവാന്‍ കൊടിക്കുന്നിലും ജാതി സമവാക്യങ്ങള്‍ നോക്കുമ്പോള്‍ യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശും അവകാശവാദം ഉന്നയിച്ചേക്കാമെന്നും ഇക്കൂട്ടര്‍ കരുതുന്നു. ഇതിനൊക്കെയും മുന്‍കൂട്ടി ഒരു തടയിടുകയാണ് എംപിമാര്‍ നിയമസഭയിലേക്കു മല്‍സരിക്കേണ്ടെന്ന വാദഗതിക്കു പിന്നില്‍. ഏറ്റവുമൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഈയൊരു ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.
















