പത്തനംതിട്ട : ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ ശക്തനാക്കിയത് തന്ത്രിയെന്നതിന് തെളിവുകളും നിര്‍ണായക മൊഴികളും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കണ്ഠരര് രാജീവരുടെ ബെംഗളൂരു, ചെന്നൈ യാത്രകളിലും അന്വേഷണ സംഘത്തിന് സംശയമുണ്ടെന്നാണ് അറിയുന്നത്.
ശബരിമലയില്‍ നിന്നെത്തിച്ച സ്വര്‍ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജുവല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിലാണ്.തന്ത്രിക്ക് എതിരായി ശബരിമലയിലെ ജീവനക്കാരുടെ മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലാകും മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കെ ‘ദൈവ തുല്യരായവര്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ്’ എന്ന് പറഞ്ഞതും കണ്ഠരര് രാജീവരെ സംശയനിഴലിലാക്കായിരുന്നു.
സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുവാദം നല്‍കി തന്ത്രി നല്‍കിയ കുറിപ്പിലും ദുരൂഹതകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം, എന്നാല്‍ കൊണ്ടുവന്നത് താനല്ല എന്നാണ് കണ്ഠരര് രാജീവരുടെ മൊഴി. പൂജാരിയുടെ സഹായി എന്ന നിലയിലും വഴിപാടുകള്‍ നടത്തുന്ന ഭക്തന്‍ എന്ന നിലയിലുമാണ് പരിചയമെന്നുമാണ് മൊഴി.
എന്നാല്‍ മറ്റ് മൊഴികളുമായി വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ തന്ത്രിയുടെ കുറിപ്പും സംശയം ഉണ്ടാക്കി. ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നായിരുന്നു കുറിപ്പ്. എന്നാല്‍ സ്വര്‍ണം പൊതിയുകയായിരുന്നു എന്ന വസ്തുത കുറിപ്പില്‍ ഉണ്ടായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുകയുണ്ടായി.
















