ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ മൂന്നാം വിജയവുമായി കേരളം. 63 റണ്‍സിനാണ് കേരളം ചണ്ഡീഗഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് നേടാനായത്.
സ്‌കോര്‍ – കേരളം 35 ഓവറില്‍ 243/5, ചണ്ഡീഗഢ് – 35 ഓവറില്‍ 180/4
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍ ആര്യനന്ദയുടെ വെടിക്കെട്ട് ഇന്നിങ്സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഇവാന ഷാനിയും ആര്യനന്ദയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 48 റണ്‍സ് പിറന്നു. ഇവാനയും (1 റണ്‍), വൈഗ അഖിലേഷും (10 റണ്‍സ്) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് ആര്യനന്ദ തകര്‍ത്തടിച്ചു.
മൂന്നാം വിക്കറ്റില്‍ ലെക്ഷിദയ്‌ക്കൊപ്പം 54 റണ്‍സും, നാലാം വിക്കറ്റില്‍ ജുവല്‍ ജീന്‍ ജോണിനൊപ്പം 89 റണ്‍സും കൂട്ടിച്ചേര്‍ത്ത ആര്യനന്ദ അവസാന ഓവറിലാണ് പുറത്തായത്. 118 പന്തില്‍ 22 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 138 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ലെക്ഷിദ ജയന്‍ 29 റണ്‍സും ജുവല്‍ ജീന്‍ ജോണ്‍ 21 റണ്‍സും നേടി. ചണ്ഡീഗഡിന് വേണ്ടി ഹിതന്‍ഷി, ആയു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണര്‍ പ്രഭ്‌ജ്യോത് കൗറിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍ റിയ യാദവും നവ്‌ജ്യോത് ഗുജ്ജറും ചേര്‍ന്നുള്ള 95 റണ്‍സ് കൂട്ടുകെട്ട് അവര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരെയും പുറത്താക്കിയ ആദ്യ ജിനു മത്സരം കേരളത്തിന് അനുകൂലമാക്കി. റിയ യാദവ് 52-ഉം നവ്‌ജ്യോത് ഗുജ്ജര്‍ 41-ഉം ആയു 39-ഉം റണ്‍സെടുത്തു. ചണ്ഡീഗഢിന്റെ മറുപടി 180 റണ്‍സില്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി ആദ്യ ജിനു രണ്ടും പവിത്ര, ലെക്ഷിദ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.












