ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളില്‍ വെളളി , ശനി ദിവസങ്ങളിലായി പക്ഷികളെ കൊന്നൊടുക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട പക്ഷികളെ കൊല്ലും.
വെളളിയാഴ്ച അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ശനിയാഴ്ച കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തില്‍ 3,544 വളര്‍ത്തു പക്ഷികളെ കൊല്ലും.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തില്‍ 150 വളര്‍ത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തില്‍ 6,633 വളര്‍ത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തില്‍ 3,458 വളര്‍ത്തു പക്ഷികളും ഉള്‍പ്പെടെ ഏകദേശം 13,785 വളര്‍ത്തു പക്ഷികളെയാണ് കൊല്ലുക.
പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമുണ്ടാകും.പക്ഷികളുടെ മാംസം, മുട്ട ,കാഷ്ഠം (വളം),എന്നിവയുടെ വില്‍പന അനുവദിക്കില്ല. ഫ്രോസണ്‍ മീറ്റ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ പക്ഷികളെ കൊന്നൊടുക്കല്‍ പൂര്‍ത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളര്‍ത്താനും പാടില്ല.
















