കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇ ഡി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദനം, ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ വായ്‌പാ തട്ടിപ്പ് എന്നീ കേസുകളാണ് പി.വി. അന്‍വറിനെതിരെ ഉള്ളത്.നേരത്തേ അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയില്‍ രണ്ടു വായ്‌പ എടുത്തുവെന്നാണ് പ്രധാന പരാതി. കെഎഫ്‌സി മലപ്പുറം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മതിയായ രേഖകളില്ലാതെ വായ്‌പയെടുത്തെന്നാണ് കേസ്.
സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെ കള്ളപ്പണ ഇടപാടില്‍ ഇഡിയും കേസെടുക്കുകയായിരുന്നു. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി എടുത്തിരുന്നു.
















