മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 10 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി. മൊയ്‌തു (34) വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികതിക്രമം നടത്തിയെന്ന പരാതിയിൽ മാനന്തവാടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി. തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
















