ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ് വ്യവസ്ഥ അത്ഭുതകരമായി മുന്നേറുകയാണെന്നും താമസിയാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ധനസഹായം വേണ്ടെന്ന് വെക്കാൻ സാധിക്കുമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന. ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയ എയർലൈനായ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (PIA) വിൽക്കാൻ പാകിസ്ഥാൻ നിർബന്ധിതരായത്.
2025 മേയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സൈനികസംഘർഷത്തിനുശേഷം പാകിസ്താനിലേക്കുള്ള പ്രതിരോധ ഓഡറുകൾ വൻതോതിൽ വർധിച്ചതായി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യയുമായുള്ള സംഘർഷത്തെ പാകിസ്താൻ അതിജീവിച്ചതിലൂടെ പാക് സൈനികോപകരണങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ കൂടിയതായും പാകിസ്താന്റെ സൈനിക മികവ് ലോകശ്രദ്ധ നേടിയെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
ഷഹ്ബാസ് ഷെരീഫ് സർക്കാർ 2026-27 ബജറ്റിനുള്ള സാമ്പത്തിക, ധനകാര്യ മാനദണ്ഡങ്ങളിൽ ഐഎംഎഫിന്റെ ഭാഗത്തുനിന്ന് ചില ഇളവുകൾക്കായി പരിശ്രമിക്കുന്നതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















