കാസര്‍കോട്: ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് കോടതി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സന്ദേശം തമിഴ്‌നാട്ടില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് കോടതി ജീവനക്കാരെയും, കേസുകള്‍ക്കായി എത്തിയ കക്ഷികളെയും, അഭിഭാഷകരെയും ഉള്‍പ്പെടെ എല്ലാവരെയും കോടതി പരിസരത്ത് നിന്ന് പുറത്താക്കി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് വിശദമായ പരിശോധന ആരംഭിച്ചു. ജില്ലാ പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്.
ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേക്കാണ് ഇന്നലെ പുലര്‍ച്ചെ 3.22ന് കോടതി സമുച്ചയത്തില്‍ ബോംബ് വെച്ചതായി ഇ-മെയില്‍ സന്ദേശമെത്തിയത്. ”നിങ്ങളുടെ കോടതി സമുച്ചയത്തില്‍ 3 ആര്‍ഡിഎക്‌സ് അടങ്ങിയ ഒരു മനുഷ്യ ചാവേര്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് മുമ്പ് ഉച്ചയ്‌ക്ക് 1.15ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക”. സന്ദേശത്തില്‍ മൂന്ന് ആര്‍ഡിഎക്‌സ് ഐഇഡികള്‍ കോടതി കെട്ടിടത്തില്‍ സ്ഥാപിച്ചതായും, ഉച്ചയ്‌ക്ക് 1.15നകം ജഡ്ജിമാരെയും ജീവനക്കാരെയും ഒഴിപ്പിക്കണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍ഡിഎക്‌സ് ധരിച്ച രണ്ട് പേര്‍ കോടതി പരിസരത്ത് എത്തുമെന്നും, സ്‌ഫോടനം ഉണ്ടാകുമെന്നുമുള്ള ഭീഷണിയും ഇ-മെയിലിലുണ്ട്. തമിഴ്‌നാട് പോലീസിനെയും ചില രാഷ്‌ട്രീയ സംഘടനകളെയും പരാമര്‍ശിക്കുന്ന നീണ്ട സന്ദേശമാണ് ഇ-മെയിലിലുള്ളത്. ‘തമിഴ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍’ എന്ന പേരിലാണ് ഭീഷണി സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് സന്ദേശം അയച്ചത്.
















