തിരുവനന്തപുരം: മുൻ ധനകാര്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ടി.എം. തോമസ് ഐസക്കിന്റെ പരോക്ഷമായ പിണറായി സർക്കാർ വിമർശനം വിവാദമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിനും വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശിവൻ കുട്ടിക്കും വ്യവസായ മന്ത്രി പി. രാജീവനും ചങ്കിൽ കൊള്ളുന്നതാണ് വിമർശനം. ജനുവരി രണ്ടിന് എഴുതിയ ഫേസ്ബുക് പോസ്റ്റിലാണ് സിപിഎം നയിക്കുന്ന ഇടതുപക്ഷ സർക്കാരിനുള്ള വിമർശനം.
‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ…’ എന്നത് പ്രസിദ്ധ സിനിമാ സംവിധായകൻ ജോൺ എബ്രഹാമിന്റെ സിനിമയാണ്. 1972 ൽ ഇറങ്ങിയ സിനിമയാണിത്. അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള കർശന വിമർശനമാണിത്. ജോൺ എബ്രഹാം മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇഷ്ടമില്ലാത്തവനായതിന് ഒരു കാരണവുമായി അത്. ഇഎംഎസ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി അച്യുതമേനോൻ ഭരിച്ച കാലം. അതാണ് വിമർശന വിധേയമായത്.
ജോൺ എബ്രഹാമിന്റെ അതേ നിലപാടിൽ കമ്യൂണിസ്റ്റ് സർക്കാരിനുള്ള വിമർശനവും ‘മലർന്നുകിടന്നുള്ള കാർക്കിച്ചുതുപ്പലു’മായിരിക്കുകയാണ് മുൻമന്ത്രി ഐസക്കിന്റെ വിമർശനം.
ഫേസ് ബുക്കിൽ തോമസ് ഐസക്ക് പറയുന്നത്, കേരളത്തിൽ ഐടിഐ പാസായ തൊഴിൽ അന്വേഷകരുണ്ടെങ്കിൽ തമിഴ്‌നാട്ടിലേക്ക് പൊയ്‌ക്കോളൂ എന്നാണ് ഐസക്ക് പറയുന്നത്. അവിടെ ഹുസൂറിൽ പോയി ജോലി ചെയ്യാൻ തയാറാണെങ്കിൽ ജോലി റെഡി എന്നാണ് വിവരണം.
ഇവിടെ പഠിച്ചിട്ട് ആ പഠിപ്പുകൊണ്ട് ഇവിടെ ജോലി ലഭിക്കില്ല, അതിനാൽ ഉദ്യോഗാർത്ഥികളെ അവിടേക്ക് കയറ്റി അയക്കാൻ സംസ്ഥാന സർക്കാർതന്നെ പദ്ധതി ഒരുക്കിയിരിക്കുന്നുവെന്നാണ് ഐസക്കിന്റെ വിവരണം. സ്വകാര്യ മേഖലയിലെ ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ്. ഒരുകാലത്ത് ‘കമ്യൂണിസ്റ്റ് പാർട്ടിക്ക് കുത്തക മുതലാളിയും ബൂർഷ്വാസിയുമായിരുന്ന’ റ്റാറ്റായുടെ ഇലക്‌ട്രോണിക് സിറ്റിയിലാണ് ആപ്പിൾ ഫാക്ടറി. അതിനെയും ഐസക്ക് പരോക്ഷമായി വിമർശിക്കുന്നു. ആദ്യത്തെ 300 പേരുടെ ബാച്ച് പോകുന്ന ആറു ബസ്സുകളുടെ ഫഌഗ് ഓഫ് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായിതന്നെയാണ്. തിരുവനന്തപുരം കനകക്കുന്നിൽ ജനുവരി 11 നാണ് ഫഌഗ് ഓഫ്. ‘വിജ്ഞാനകേരളം’ എന്നാണ് പദ്ധതിയുടെ പേരെന്നും ഹാസ്യാത്മകമായി വിമർശിക്കുന്ന ഐസക്ക്, തമിഴ്‌നാട്ടിലെ ഹൊസൂരിൽ ഒരുങ്ങുന്ന വ്യവസായ സംരംഭങ്ങളെക്കുറിച്ചും വിവരിക്കുന്നു. ഇതും പിണറായി സർക്കാരിനുള്ള കുത്താണ്. ആപ്പിൾ ഫോണിന്റെ ഭീമാകാരമായ അസംബ്ലിൻൈ ഫാക്ടറിയാണ് ഹൊസൂരിലൊരുങ്ങുന്നതെന്നാണ് വിവരണം.
തോമസ് ഐസക്ക് താൻ ഉൾപ്പെട്ട കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരിന്റെ തൊഴിൽ,വിദ്യാഭ്യാസ വ്യവസായ, സാമ്പത്തിക നയങ്ങളെയാണ് വിമർശിക്കുന്നത്. അതേ സമയം നാലുവർഷം മുമ്പുവരെ താനുൾപ്പെടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ നയ നിലപാടുകൾക്കെതിരേയുമാണ് സ്വയം പരിഹസരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ജോൺ എബ്രഹാം പറഞ്ഞു, ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’, തോമസ് ഐസക്ക് പറയുന്നു, ‘ഉദ്യോഗാർത്ഥികളേ ദാ അതിലേ അതിലേ…’
ജോൺ എബ്രഹാമിന്റെ സിനിമയുടെ കഥ ഇങ്ങനെ:
കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമർശനമായിരുന്നു ഈ സിനിമ. ഫുട്‌ബോൾ കളിക്കിടെ പന്ത് തട്ടി സ്‌കൂൾ സ്ഥാപകന്റെ പ്രതിമ തകരുന്നു. അത് ശരിയാക്കാൻ പന്ത് തട്ടിയ രാജു എന്ന വിദ്യാർത്ഥി പണം കൊടുക്കണം ഇല്ലെങ്കിൽ പഠിപ്പുനിൽക്കും. ഷൂ പോളിഷ് ചെയ്തും ലോട്ടറി വിറ്റും കുട്ടികൾ പണം സ്വരൂപിക്കുന്നു. ഒടുവിൽ സ്‌കൂൾ മാനേജ്‌മെന്റ് തന്നെ പ്രതിമ നന്നാക്കാൻ ഉള്ള നടപടി എടുക്കുന്നു. കുട്ടികൾ ഉണ്ടാക്കിയ പണം കൊണ്ട് അവരെ വിനോദയാത്രയ്‌ക്ക് കൊണ്ടുപോകുന്നു. ഇതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
















