ബെംഗളൂരു: ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. ഭൂമിയില്‍ ‘ഓരോ ആയിരം സെക്കന്‍ഡിലും ആക്രമിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍’ എന്നാണ് ബഹിരാകാശ ഏജന്‍സി ഈ കണങ്ങളെ വിശേഷിപ്പിക്കുന്നത്.
2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ‘ ഡെക്‌സ്’ (ഡസ്റ്റ് എക്‌സ്‌പെരിമെന്റ്) ആണ് ഭാരത ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികകല്ലായ ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഇത്തരത്തില്‍ ഭാരതത്തില്‍ നിര്‍മിച്ച ആദ്യ ഉപകരണമായ് ഡെക്‌സ് അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പിആര്‍എല്‍)ആണ് രൂപകല്പന ചെയ്തത്. ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 4.5വാട്ട്‌സ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണിത്.
ഇന്റര്‍പ്ലാനറ്ററി പൊടി കണികകള്‍(ഐഡിപി)ധൂമകേതുക്കളില്‍ നിന്നും ഛിന്നഗ്രഹങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന സൂക്ഷ്മമായ കഷ്ണങ്ങളാണ്. ഈ കണികകള്‍ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്ക പാളി രൂപപ്പെടുത്തുന്നു, കൂടാതെ രാത്രി ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളായും പലപ്പോഴും കാണപ്പെടുന്നുവെന്നും ഐഎസ്ആര്‍ഒ പറയുന്നു.
ഈ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ബഹിരാകാശ ഉപകരണങ്ങളുടെ സുരക്ഷയിലും ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. കൂടാതെ ബഹിരാകാശ പരിസ്ഥിതി നിരീക്ഷിക്കുന്നതിനും, ഉപഗ്രഹങ്ങള്‍ക്കുള്ള അപകടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ഭാവിയിലെ മനുഷ്യ ദൗത്യങ്ങളുടെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനും ഈ കണികകള്‍ അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ പറയുന്നു.















