- അപേക്ഷ ഓണ്‍ലൈനില്‍ ജനു. 31 വൈകിട്ട് 5 മണിവരെ സ്വീകരിക്കും
- ‘കീം-2026’ പ്രോസ്പെക്ടസും വിജ്ഞാപനവും www.cee.kerala.gov.in ല്‍ ലഭിക്കും
- എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഏപ്രിലില്‍
- മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നീറ്റ്-യുജി 2026 സ്‌കോറിന്റെയും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സില്‍ ‘നാറ്റ-2026’ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് നിയമനം
കേരളത്തില എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍ മുതലായ ബിരുദ കോഴ്സുകളില്‍ 2026 വര്‍ഷത്തെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ല്‍ കീം 2026 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് വഴി ജനുവരി 31 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഫെബ്രുവരി 7 നകം അപ്ലോഡ് ചെയ്താല്‍ മതി. ഒന്നോ അതിലധികമോ കോഴ്സുകളിലേക്ക് ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷയുടെ പകര്‍പ്പോ രേഖകളോ പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് തപാല്‍ വഴി അയക്കേണ്ടതില്ല.
മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ അപേക്ഷിക്കുന്നവര്‍ ‘നീറ്റ്-യുജി 2026’ ലും ആര്‍ക്കിടെക്ചര്‍ ബിടെക് കോഴ്സില്‍ അപേക്ഷിക്കുന്നവര്‍ ‘നാറ്റ-2026’ലും യോഗ്യത നേടണം. വിശദവിവരങ്ങളടങ്ങിയ ‘കീം 2026’ പ്രോസ്പെക്ടസും വിജ്ഞാപനവും പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുണ്ട്. കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം.
കോഴ്സുകള്‍: മെഡിക്കല്‍- എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്; മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍- ബിഎസ്സി (ഓണേഴ്സ്)-അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, അഗ്രിബിസിനസ് മാനേജ്മെന്റ്; ബിടെക്ബയോടെക്നോളജി, ബിവിഎസ്സി ആന്റ് എഎച്ച്, ബിഎഫ്എസ്സി; എന്‍ജിനീയറിങ്-ബിടെക് (വിവിധ ബ്രാഞ്ചുകള്‍), ബിടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി; ബിഫാം, ബിആര്‍ക്.
അപേക്ഷാ ഫീസ്: എന്‍ജിനീയറിങ് ഫാര്‍മസി പൊതുവിഭാഗത്തിന് 925 രൂപ. പട്ടികജാതി 400 രൂപ; ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ കോഴ്സുകള്‍ (ജനറല്‍) 650 രൂപ. പട്ടികജാതി- 260 രൂപ. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഫീസില്ല. എന്‍ജിനീയറിങ് പ്രവേശനപരീക്ഷാകേന്ദ്രമായി യുഎഇ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അപേക്ഷാഫീസിനു പുറമെ അധികമായി 16000 രൂപ നല്‍കണം. ഫീസ് അടയ്‌ക്കേണ്ട രീതിയും അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോസ്പെക്ടസിലുണ്ട്.
വിദ്യാഭ്യാസ യോഗ്യത: എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയ,ുഎംഎസ് കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ് അടക്കം ഇതേ വിഷയങ്ങള്‍ പ്രത്യേകം പാസായിരിക്കണം.
അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ബിടെക്- ബയോടെക്നോളജി, ബിഎഫ്എസ്സി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബിഎസ്സി ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സിനും ഇതേ യോഗ്യതതന്നെ. എന്നാല്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ്‌കൂടി പഠിച്ചിരിക്കണം.
ബിവിഎസ്സി ആന്റ് എഎച്ച് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവിജയിച്ചിരിക്കണമെന്നുണ്ട്.
എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് നിര്‍ബന്ധിത വിഷയങ്ങളും കെമിസ്ട്രി ഒരു ഓപ്ഷന്‍ വിഷയമായും പഠിച്ച് ഈ വിഷയങ്ങള്‍ക്ക് മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവരുടെ കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്നോളജി/ബയോളജി വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.
ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. 10+3 സ്‌കീമില്‍ ഡിപ്ലോമ പരീക്ഷയില്‍ കണക്ക് ഒരു വിഷയമായി പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവരെയും പരിഗണിക്കും.
ബിഫാം പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
യോഗ്യതാപരീക്ഷയില്‍ എസ്സി/എസ്ടി/എസ്ഇബിസി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിശ്ചിത ശതമാനം മാര്‍ക്കിളവ് നല്‍കയിട്ടുണ്ട്. അപേക്ഷകന് 31-12-2026 ല്‍ 17 വയസ് തികഞ്ഞിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സ്ഥാപനങ്ങളും കോഴ്സുകളും ബ്രാഞ്ചുകളും എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ വിശദാംശങ്ങളും സംവരണവും പ്രവേശന നടപടിക്രമങ്ങളുമെല്ലാം ‘കീം 2026’ പ്രോസ്പെക്ടസിലുണ്ട്.
പ്രധാന പരീക്ഷ: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണ്. വിവിധ സെഷനുകളായി ഏപ്രില്‍ 17 മുതല്‍ 23 വരെ ഉച്ചക്കുശേഷം 2-5 മണിവരെ നടത്തും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ഡേ ആയിരിക്കും. കേരളത്തിലെ വിവിധ ജില്ലകളിലും ന്യൂദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, യുഎഇ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാഘടന, സിലബസ്, മൂല്യനിര്‍ണയം, റാങ്ക്ലിസ്റ്റ് തയ്യാറാക്കല്‍ മുതലായ വിവരങ്ങളും സീറ്റ് അലോട്ട്മെന്റ് രീതികളുമെല്ലാം പ്രോസ്പെക്ടസിലുമുണ്ട്.
















