വാഷിങ്ടണ്‍: ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ കീഴിലുള്ള വെനിസ്വേലന്‍ പുതിയ സര്‍ക്കാര്‍ രാജ്യത്തെ എണ്ണ വ്യാപാരം പുനസ്ഥാപിക്കണമെങ്കില്‍ യുഎസിന് മുന്‍ തൂക്കം നല്‍കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുത്തെങ്കിലും വെനിസ്വേലയുടെ നിയന്ത്രണം യുഎസിന് കീഴില്‍ തന്നെയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. യുഎസ് ഉപരോധത്തിനെ തുടര്‍ന്ന് വെനിസ്വേലന്‍ എണ്ണ വിപണി നിലവില്‍ തകര്‍ച്ചയിലാണ്, ഖനന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. ഇത് പുനനരാരംഭിക്കണമെങ്കില്‍ ക്രൂഡ് ഓയില്‍ വില്‍പ്പനയില്‍ യുഎസിന് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സികളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒപ്പം ചൈന, റഷ്യ, ഇറാന്‍ ക്യൂബ എന്നീ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങളുണ്ടാക്കരുതെന്നെും താക്കീത് നല്‍കി.
ദീര്‍ഘകാലമായി വെനിസ്വേലയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ചൈന. വെനിസ്വേലയുടെ പക്കല്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണിത്. അവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണം. യുഎസിനോടും അവര്‍ക്ക് താത്പര്യമുള്ളവരുമായും മാത്രമേ എണ്ണ വ്യാപാരത്തിന് അനുവദിക്കൂ, ഇല്ലെങ്കില്‍ ഉപരോധം തുടരും. നിലവില്‍ എണ്ണ ടാങ്കറുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ യുഎസിന് വെനിസ്വേലയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്. വെനിസ്വേലയിലെ എണ്ണ ഖനനത്തിന് മേല്‍ യുഎസ് നിയന്ത്രണം കൊണ്ടുവരുമെന്ന് യുഎസ് ആയുധ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ റോജര്‍ വിക്കര്‍ പ്രതികരിച്ചിട്ടുണ്ട്.
വെനിസ്വേലന്‍ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ എണ്ണ യുഎസിന് കൈമാറുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന എണ്ണ വിപണി വിലയ്‌ക്ക് വിറ്റഴിച്ച് ലഭിക്കുന്ന പണം വെനിസ്വേലയിലേയും യുഎസിലേയും ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നാണ് ട്രംപ് പ്രതികരിച്ചത്.
















