ഉള്ളംകൈയിലെ രേഖകൾ നോക്കി ഭാവിയും ഭൂതവും പറയുന്നതാണ് ഹസ്തരേഖാ ശാസ്ത്രം. പ്രധാനമായും ആയൂർരേഖ, ബുദ്ധി രേഖ, ഹൃദയ രേഖ എന്നിങ്ങനെ മൂന്ന് രേഖകളാണ് എല്ലാവരുടെയും കൈകളിൽ കാണാൻ കഴിയുക. പുരുഷന്മാരുടെ വലതു കയ്യിലും സ്ത്രീകളുടെ ഇടതു കയ്യിലുമാണ് ഭാവിയും ഭൂതവും അറിയാൻ പരിശോധിക്കുന്നത്. ഓരോരുത്തരുടെ കയ്യിലും വ്യത്യസ്ത രീതിയിലായിരിക്കും രേഖകളുടെ സ്ഥാനം.
നിങ്ങളുടെ വിവാഹത്തിന്റെ സ്വഭാവം മുൻകൂട്ടി അറിയാൻ കൈരേഖ പരിശോധിച്ചാൽ മതി. പ്രണയവിവാഹമാണോ, വിവാഹ ജീവിതം എപ്രകാരമായിരിക്കും എന്നിങ്ങനെ എല്ലാം അറിയാന്‍ കഴിയും. അത് നോക്കുന്നത് ഇങ്ങനെയാണ്; ആദ്യമായി നിങ്ങളുടെ ഇരുകൈകളും നിവര്‍ത്തി ഒരുപോലെ ചേര്‍ത്ത് പിടിക്കുക. കൈകള്‍ ചേർത്തുപിടിക്കുമ്പോൾ ഇടത്തെ കയ്യിലേയും വലത്തെ കയ്യിലേയും രേഖകള്‍ ഒരുപോലെ ചേര്‍ന്നിരിക്കുന്നതായി കാണാം. ഇങ്ങനെ ഒരേ നിരപ്പിലാണ് രേഖകൾ വരുന്നതെങ്കിൽ പങ്കാളി ഏതു രീതിയിലുള്ള ആളാണെങ്കിലും നിങ്ങള്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന് വ്യക്തം. ഇത്തരക്കാർ എല്ലാവരുടെയും ഇഷ്ടപ്രകാരമാകും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക.
വലതു കയ്യിലെ രേഖ ഇടതു കയ്യിലേതിനെക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണെങ്കില്‍ പ്രായത്തില്‍ മുതിർന്ന പങ്കാളിയെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവർ സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരായിരിക്കും. ഇടതു കയ്യിലെ രേഖ വലതു കയ്യിലേതിനെക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ ഇത്തരക്കാര്‍ പ്രണയത്തിനുവേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കുന്നവരായിരിക്കും. അത്രയ്‌ക്ക് തീവ്രപ്രണയമായിരിക്കും ഇവരുടേത്.















