മലപ്പുറം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്‌പാ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.
നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടിവാങ്ങി. ഇന്ന് ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്‌പാ ദുരുപയോഗം ചെയ്‌തെന്ന് ഇഡി നടത്തിയ റെയ്ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
അന്‍വറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്‌പ അനുവദിച്ചത്. ഒരേ വസ്തു തന്നെ പണയംവെച്ച് വിവിധ ഘട്ടങ്ങളിലായി വായ്‌പ അനുവദിക്കുകയായിരുന്നു. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്‌പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ബെനാമികളെയടക്കം ഇഡി ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്‍വറിന് സമന്‍സയച്ചത്.
















