തൃശൂര്‍: താമര കേരളത്തിലെ ഇടത് സര്‍ക്കാരിനിപ്പോഴും ദേശീയ പുഷ്പമല്ല, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മാത്രം. ഇക്കുറി സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് പൂക്കളുടെ പേരുകള്‍ നല്‍കിയപ്പോഴും താമരയെ ഒഴിവാക്കി സര്‍ക്കാര്‍ അല്‍പ്പത്തരം പ്രകടമാക്കി. മലയാളികള്‍ക്ക് പരിചിതമല്ലാത്ത ലാറ്റിനമേരിക്കയിലെ പൂക്കളുടെ പേരുകള്‍ വരെ വേദികള്‍ക്ക് നല്കിയിട്ടുണ്ട്.
ജനുവരി 14 മുതല്‍ 18 വരെ തൃശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 25 വേദികളാണ് ഒരുക്കിയിട്ടുള്ളത്. 25 വേദികളിലായി 249 മത്സരയിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. കലോത്സവത്തിന്റെ 25 വേദികള്‍ക്കും പൂക്കളുടെ പേരാണ് നല്‍കിയിട്ടുള്ളത്.
വേദി ഒന്ന് സൂര്യകാന്തി തുടങ്ങി പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഴ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്യാണി, പനിനീര്‍പൂ, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂ, ആമ്പല്‍, തുമ്പ, കണ്ണാന്തളി, പിച്ചകം, ജമന്തി, തെച്ചി, താഴമ്പൂ, ചെണ്ടുമല്ലി എന്നിങ്ങനെ 25 പുഷ്പങ്ങളുടെ പേരുകളാണ് ഒരോ വേദിക്കും നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ഇതിന് സംഘാടകര്‍ പറയുന്ന ന്യായം താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നാണ്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം.













