കാരക്കസ്: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം ജയിലിലാക്കിയെങ്കിലും വെനിസ്വേലന്‍ ഓഹരി വിപണി മുന്നേറ്റത്തില്‍. കാരക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ ബോല്‍സ ഡി വലോറെസ് ഡി കാരക്കാസ് (ബിവിസി) 17 ശതമാനം മുന്നേറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിവിസി നേടിയ ഏറ്റവും വലിയ വളര്‍ച്ചയാണിത്. വെനിസ്വേലയില്‍ സ്ഥിരം സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ ഭരണത്തില്‍ യുഎസിന്റെ മേല്‍നോട്ടമുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് ഓഹരി വിപണി ഇത്തരത്തില്‍ മുന്നേറിയത്.
യുഎസ് പിന്തുണയ്‌ക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോളസ് ഡി വെനിസ്വേലയും (പിഡിവിഎസ്എ) ഓഹരി വില്‍പനയില്‍ നേട്ടമുണ്ടാക്കി. ഭരണംമാറുന്നതോടെ വെനിസ്വേലയില്‍ വലിയ വിദേശ നിക്ഷേപങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 1947ലാണ് ബോല്‍സ ഡി വലോറെസ് ഡി കാരക്കാസ് (ബിവിസി) എന്ന വെനിസ്വേലന്‍ ഓഹരി വിപണി സ്ഥാപിച്ചത്. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ ഓഹരി വിപണിയാണിത്. 15 കമ്പനികള്‍ മാത്രമാണ് ഇവിടെയുള്ളത്.
യുഎസ് ഉപരോധത്തെ തുടര്‍ന്ന് വെനിസ്വേലയുടെ എണ്ണ വിപണി തകര്‍ച്ചയിലാണ്. എന്നാല്‍ യുഎസ് കമ്പനികള്‍ വെനിസ്വേലന്‍ എണ്ണവിപണിയുടെ നിയന്ത്രണം ഏറ്റെടുത്ത് നിക്ഷേപിക്കുമെന്ന് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. ലോകത്ത് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. വെള്ളി അടക്കമുള്ള ലോഹങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.
















