ന്യൂഡൽഹി: ഡൽഹി തുർക്ക്മാൻ ഗേറ്റിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ച് അധികൃതർ. പുലർച്ചെ ഒന്നരയ്‌ക്കാണ് സയിദ് ഇലാഹി മസ്ജിദിന് സമീപം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. പ്രദേശത്ത് അനധികൃത താമസക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്.ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.കയ്യേറ്റ വിരുദ്ധ നടപടികളുടെ പേരിൽ 17 ബുൾഡോസറുകളാണ് വിന്യസിച്ചത്. രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബർസ്ഥാനും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചെങ്കിലും പൊളിക്കൽ നടപടികൾ തുടരുകയാണ്.
പള്ളിയോട് ചേർന്നുള്ള ഡിസ്പെൻസറിയും വിവാഹ മണ്ഡപവും നിയമവിരുദ്ധമാണെന്ന് എം.സി.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. രാംലീല മൈതാനം പ്രദേശത്തെ സർവേയ്‌ക്ക് ശേഷമാണ് ഈ നിർമ്മിതികൾ പൊളിക്കാൻ തീരുമാനിച്ചത്. കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ താമസക്കാർക്ക് ഭരണകൂടം ഇതിനകം സമയം നൽകിയിരുന്നു.പൊളിക്കൽ ജോലികൾ പ്രദേശത്തെ ഗതാഗതത്തെയും ബാധിച്ചു.
ജെഎൽഎൻ മാർഗ്, അജ്മേരി ഗേറ്റ്, മിന്റോ റോഡ്, ഡൽഹി ഗേറ്റ് എന്നിവിടങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. യാത്രക്കാർ ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നിലവിൽ സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പറയപ്പെടുന്നു, പക്ഷേ കനത്ത പോലീസ് സാന്നിധ്യത്തിൽ പൊളിക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്.














