കാരക്കാസ് : ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളെ മുന്‍കൂട്ടി അടയാളപ്പെടുത്താന്‍ കഴിയാതിരുന്ന ചൈനയുടെ വ്യോമപ്രതിരോധസംവിധാനം വെനസ്വേലയിലും പരാജയപ്പെട്ടു. യുഎസ് മിന്നല്‍ വ്യോമാക്രമണം കൃത്യമായി തിരിച്ചറിയുന്നതില്‍ ചൈനയുടെ എച്ച് ക്യു9 എന്ന വ്യോമപ്രതിരോധസംവിധാനം പരാജയപ്പെട്ടിരുന്നു. അന്ന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും വ്യോമബേസുകളിലും ആക്രമണം നടത്തിയപ്പോള്‍ ചൈനയുടെ എച്ച് ക്യു9 എന്ന വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ, എസ് വൈ 80 അഥവാ എച്ച് ക്യു 16നോ അവയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തിരിച്ചറിഞ്ഞുവരുമ്പോഴേക്കും ബ്രഹ്മോസ് നാശം വിതച്ചിരുന്നു. വെനസ്വേലയിലെ തിരിച്ചടി കൂടി എത്തിയതോടെ ചൈനയുടെ മുഖം നഷ്മമായിരിക്കുകയാണ്.
150 യുഎസ് യുദ്ധവിമാനങ്ങള്‍ പാഞ്ഞുചെന്ന് തെക്കന്‍ വെനസ്വേലയില്‍ മഡൂറോയുടെ കൊട്ടാരത്തിന് ചുറ്റും ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ചൈന കൊട്ടിഘോഷിച്ചിരുന്ന ചൈനയുടെ എച്ച് ക്യു 9ല്‍ നിന്നും ഒരു മിസൈല്‍ പോലും യുഎസിന്റെ എഫ് 35, എഫ് 22 യുദ്ദവിമാനങ്ങള്‍ക്ക് നേരെ പാഞ്ഞു ചെന്നില്ല. ഭൂതലത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാവുന്ന നിരവധി തരം അപകടകാരികളായ മിസൈലുകള്‍ ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ ഉണ്ടായിരുന്നു. ഇത്തരം നിരവധി എച്ച് ക്യു 9 വ്യോമപ്രതിരോധങ്ങള്‍ വെനസ്വേല വിന്യസിച്ചിരുന്നു. നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടിക്കാനായി യുഎസ് വിമാനങ്ങള്‍ താഴെ കൊട്ടാരത്തിലേക്ക് ഇറക്കിവെട്ട നിര്‍ഭയരായ ഡെല്‍റ്റ ഫോഴ്സ് പട്ടാളക്കാരെ സഹായിക്കാനായിരുന്നു യുഎസ് യുദ്ധവിമാനങ്ങള്‍ മഡൂറോയുടെ കൊട്ടാരത്തിന് ചുറ്റും ബോംബുകള്‍ വര്‍ഷിച്ചത്. അതുപോലെ ചൈനയുടെ ജെവൈ27 എ റഡാറുകളും സമ്പൂര്‍ണ്ണപരാജയമായി. ഇവയ്‌ക്ക് യുഎസ് യുദ്ധവിമാനങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വെനസ്വേല 2010നും 2020നും ഇടയില്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 16 ശതമാനവും ചൈനയില്‍ നിന്നുള്ള ആയുധങ്ങളായിരുന്നു. ഇതില്‍ ചൈനയുടെ ജെവൈ27 എ റഡാറുകളും ഭൂതലത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാവുന്ന എച്ച് ക്യു 9 വ്യോമപ്രതിരോധവും ഉള്‍പ്പെടുന്നു.
യുഎസ് സ്റ്റെല്‍ത് ജെറ്റുകളെ പിടിക്കാന്‍ ചൈനയുടെ ജെവൈ27എ റഡാറുകള്‍ക്ക് കഴിഞ്ഞില്ല
സ്റ്റെല്‍ത് (ഒളിച്ചിരിക്കാന്‍ കഴിവുള്ള) യുദ്ധജെറ്റുകളെ അടയാളപ്പെടുത്തുന്നതില്‍ പ്രത്യേക മിടുക്കുള്ളതാണ് ജെവൈ27എ എന്ന ചൈനയുടെ റഡാര്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെ എഫ് 22 കാപ്റ്റര്‍ എന്ന അഞ്ചാം തലമുറ സ്റ്റെല്‍ത് ജെറ്റിനെ കൃത്യമായി കണ്ടുപിടിക്കുന്നതില്‍ ജെവൈ27എ പരാജയപ്പെട്ടു.
മാത്രമല്ല, ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധത്തെയും ജെവൈ 27 എ റഡാറുകളെയും അമേരിക്ക സൈബര്‍ ആക്രമണത്തിലൂടെ നേരത്തെ തന്നെ ജാം ചെയ്തതിരുന്നതായി പറയുന്നു. അതിനാല്‍ യുഎസ് വ്യോമാക്രമണസമയത്ത് ഇവ പ്രവര്‍ത്തിച്ചതുമില്ല.
യുഎസ് ആയുധഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ചൈനയില്‍ നിന്നും വെനസ്വേല ആയുധങ്ങള്‍ വാങ്ങിയത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റപ്പോള്‍ ചൈന ചെയ്ത ചതി
പാകിസ്ഥാനിലെ 11 ഭീകരകേന്ദ്രങ്ങളെയും പാക് സൈന്യത്തിന്റെ വ്യോമബേസുകളെയും തകര്‍ത്തെറിഞ്ഞത് 19 ബ്രഹ്മോസ് മിസൈലുകളാണ്. ഇവ ഇന്ത്യയുടെ യുദ്ധക്കപ്പലുകളില്‍ നിന്നും സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്നുമാണ് പാഞ്ഞുചെന്നത്. ഇവയെ പിടിക്കാന്‍ ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനം പരാജയപ്പെട്ടു. അതുപോലെ റഫാല്‍ യുദ്ധവിമാനങ്ങളില്‍നിന്നും പാഞ്ഞുചെന്ന സ്കോല്‍പ് ക്രൂയിസ് മിസൈലുകളും എച്ച് ക്യു 9 എന്ന ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങളിലെ റഡാറുകളുടെ കണ്ണുവെട്ടിച്ച് പാകിസ്ഥാനില്‍ നാശം വിതച്ചിരുന്നു. അന്ന് മുഖം രക്ഷിക്കാന്‍ ചൈന ഒരു ചതി ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോകത്തിലെ പല മാധ്യമങ്ങളെയും വിലയ്‌ക്കെടുത്ത് ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് നല്കിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പരാജയമാണെന്ന പ്രചാരണം അഴിച്ചുവിട്ടു. മൂന്ന് റഫാലുകളെ പാകിസ്ഥാന്‍ ചൈനയുടെ മിസൈല്‍ ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തിയെന്നും നുണപ്രചാരണം നടത്തി. ഇതെല്ലാം നുണയായിരുന്നുവെന്ന് പിന്നീട് യുഎസ് ഇന്‍റലിജന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
















