കൊച്ചി: കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്‌ക്കാണെന്ന് പ്രത്യേക അന്വേഷണ സംഘം. കവർച്ചയ്‌ക്ക് ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനും ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വ്യക്തമാക്കി. ഗോവർദ്ധൻ ഹൈക്കോടതി നൽകിയ ജാമ്യാഹർജി എതിർത്തുകൊണ്ട് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്രീകോവിലിന് അടുത്തും പുറത്തുമുള്ള എല്ലാ സ്വർണവും കവർച്ച നടത്താൻ ഇവർ ആസൂത്രണം നടത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്. 2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഗൂഢാലോചനയെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്.
















