തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും അനുവദിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഈ വർഷം പുറത്തിറക്കാനിരിക്കുന്ന 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കേരളവും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം–ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു റൂട്ടുകളിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആലോചിക്കുന്നത്. വൈകുന്നേരം പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയിലായിരിക്കും സർവീസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി, നേമം റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനത്തിന് അനുമതി നൽകണമെന്ന ആവശ്യവും ബിജെപി സംസ്ഥാന ഘടകം ശക്തമായി മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
അതേസമയം, എറണാകുളത്തു നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്കുള്ള അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും മാത്രമുള്ള ഈ സർവീസ് പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്യുന്നത്. ഇരുവശത്തും എൻജിനുകൾ ഉള്ളതിനാൽ ട്രെയിനിന് വേഗത്തിൽ ഗതിവേഗം കൈവരിക്കാൻ കഴിയും.
















