കാലടി: തിരുവാതിര നോമ്പുനോറ്റ മങ്കമാരെപോലെ നടതുറപ്പുകാലങ്ങളില്‍ തിരുവൈരാണിക്കുളം ഉറക്കമൊഴിഞ്ഞ് ഭക്തരെ വരവേല്‍ക്കുകയാണ്. ഒരുവര്‍ഷക്കാലം കൂട്ടിവച്ച പ്രാര്‍ത്ഥനകളും അര്‍ച്ചനകളും ശ്രീപാര്‍വതീദേവിക്കു സമര്‍പിക്കാന്‍ ദൂരങ്ങള്‍ താണ്ടിയെത്തുന്ന ഭക്തര്‍ക്ക് കൂട്ടിരിക്കുകയാണ് ഗ്രാമം. നടതുറപ്പുത്സവകാലത്ത് ഭക്തര്‍ക്കു സേവനമൊരുക്കാന്‍ ക്ഷേത്രട്രസ്റ്റ് ഗ്രാമവാസികളെ തന്നെയാണ് വോളന്റിയര്‍മാരായി നിയോഗിക്കുന്നത്.
ഭക്തരുടെ വിഷമങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരമായി വഴിപാടുകള്‍ നിര്‍ദ്ദേശിക്കുന്നതിലും ഇവര്‍ക്ക് വലിയ പങ്കുണ്ട്. മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘമാംഗല്യത്തിനും ശ്രീപാര്‍വ്വതീദേവിക്കു മുന്നില്‍ പട്ട് താലി, പുടവ സമര്‍പ്പണം, സ്വയംവരപുഷ്പാഞ്ജലി, കുടുംബഐശ്വര്യത്തിന് മഞ്ഞള്‍പറ, വാല്‍ക്കണ്ണാടി, മഞ്ഞള്‍പ്പൊടി, ആയുരാരോഗ്യസൗഖ്യത്തിന് മഹാദേവന് എള്ളുപറ, കൂവളമാല, ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സതീദേവിക്കും മഹാദേവനും തളിക നിവേദ്യം, ശാസ്താവിന് എള്ളുതിരി, നാളികേരം ഉടയ്‌ക്കല്‍ തുടങ്ങി ഓരോ വഴിപാടിന്റെയും ഫലസിദ്ധി കേട്ടറിഞ്ഞാണ് ഭക്തരിലേറെയും ക്ഷേത്രത്തില്‍ എത്തുന്നത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മഞ്ഞള്‍ പറയും എള്ളുപറയും നടത്താതെ മടങ്ങില്ല.
ദര്‍ശനം പോലെ സുഗമമായി വഴിപാടുകള്‍ നടത്താന്‍ കഴിയുന്ന രീതിയിലുള്ള സജ്ജീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെ വഴിപാടു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് പറ നിറയ്‌ക്കാന്‍ ചുറ്റമ്പലത്തിനകത്ത് പറ കൗണ്ടറുകളുമുണ്ട്.
ശ്രീപാര്‍വതീദേവിക്കും മഹാദേവന്റെ നടയിലും ഒരേസമയം നിരവധി പേര്‍ക്ക് പറ നിറയ്‌ക്കാന്‍ വിപുലമായ സൗകര്യമുണ്ട്. ലക്ഷക്കണക്കിനു ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ ഒരുമുടക്കവും കൂടാതെ ശാസ്താവിന്റെ നടയില്‍ എള്ളുതിരി തെളിയിച്ചു വയ്‌ക്കുന്നതിനും നാളികേരം ഉടയ്‌ക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സവിശേഷ വഴിപാടായ ബ്രാഹ്‌മണിപ്പാട്ടിനായും ദുരെ ദേശങ്ങളില്‍ നിന്നുപോലും ഒട്ടേറെ ഭക്തര്‍ എത്തുന്നുണ്ട്. ദേവിക്കു ചാര്‍ത്തിയ പട്ടും അഭിഷേകം നടത്തിയ ആടിയ മഞ്ഞളും പ്രധാന പ്രസാദങ്ങളാണ്. ഇതുകൂടാതെ പ്രസാദമായി അവരണയും അപ്പവുമുണ്ട്. എല്ലാ പ്രസാദദ്രവ്യങ്ങളുമടങ്ങിയ പ്രസാദകിറ്റ് ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. പ്രസാദം പോലെ ഭക്തര്‍ക്കു പ്രിയപ്പെട്ടതാണ് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്നദാനം. അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വതീദേവിയുടെ പ്രസാദമായാണ് ഭക്തര്‍ ഇതിനെ കാണുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ തടസമില്ലാതെ നടക്കുന്ന അന്നദാനം ഭക്തര്‍ക്ക് ഏറെ ആശ്വാസവുമാണ്.
നടതുറപ്പിന്റെ നാലാം ദിനമായ ഇന്നലെയും നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. സംസ്ഥാന പോലീസ് മേധാവി റവഡ എ. ചന്ദ്രശേഖറും കുടുംബവും ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം മഞ്ഞള്‍ പറയും എള്ളു പറയും നിറച്ചാണ് ഡിജിപിയും കുടുംബവും മടങ്ങിയത്.
















