തിരുവനന്തപുരം: നെല്ല് സംഭരണത്തിന് പ്രാഥമിക കാര്‍ഷിക സഹ. സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. നബാര്‍ഡിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പദ്ധതി. നബാര്‍ഡും കേന്ദ്ര കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ നെല്‍ സംഭരിച്ച ശേഷം തുക കിട്ടുന്നില്ലെന്നും യഥാസമയം സംഭരിക്കുന്നില്ലെന്നും പരാതിപ്പെട്ടു. ഇതിനു ശേഷം ഉദ്യോഗസ്ഥരുമായി കേന്ദ്ര സംഘം ചര്‍ച്ചനടത്തി. ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. നെല്‍ യഥാസമയം സംഭരിച്ച് പണം ഉടന്‍ തന്നെ നല്‍കണം. ഇല്ലെങ്കില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സബ്‌സിഡി നിര്‍ത്തലാക്കുമെന്നും പറഞ്ഞിരുന്നു. പിആര്‍എസ് വായ്‌പ പാടില്ലെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് 2024 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നടന്നില്ല. എന്നാല്‍ കേന്ദ്രം വീണ്ടും അന്ത്യശാസനം നല്‍കുകയും സബ്‌സിഡി നിര്‍ത്തലാക്കുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയ സബ്‌സിഡി തുക ലഭിക്കില്ലെന്നും വ്യക്തമാക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇന്നലെ അടിയന്തര നടപടി സ്വീകരിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
സഹകരണ സംഘങ്ങള്‍ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നെല്ലിന്റെ തുക സംഭരണ സമയത്ത് തന്നെ നല്‍കും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യത പരിശോധിക്കും.
നെല്ല് സംഭരണത്തിന് തയാറായി വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പിആര്‍എസ് അധിഷ്ഠിത വായ്‌പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്‍ഷകന് നല്‍കും. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്‌ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിലവില്‍ സ്വകാര്യ മില്ലുകള്‍ക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിംഗ് ചാര്‍ജും നോഡല്‍ സംഘങ്ങള്‍ക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സി സപ്ലൈകോ ആയിരിക്കും.
നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സഹകരണ സംഘങ്ങള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്‌പ നല്‍കും. പദ്ധതിയുടെ നടത്തിപ്പിലേക്കായി ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കാനും തീരുമാനിച്ചു.
















