ന്യൂഡൽഹി: ജനറൽ വിഭാഗത്തിന് നിശ്ചയിച്ച കട്ട് ഓഫ് മാർക്കിനെക്കാൾ ഉയർന്ന മാർക്ക് നേടിയ സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികളെ ജനറൽ (ഓപ്പൺ) ക്വാട്ടയിൽ തന്നെ പരിഗണിച്ച് നിയമനം നൽകണമെന്ന് സുപ്രീംകോടതി. രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക വിധി. രാജസ്ഥാനിലെ കോടതികളിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി സംവരണ മാനദണ്ഡം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജനറൽ കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും തങ്ങളുടെ സംവരണ വിഭാഗത്തിലെ ഉയർന്ന കട്ട് ഓഫ് കാരണം പട്ടികയിൽ നിന്ന് ഒഴിവായ ഉദ്യോഗാർഥികൾ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. ഇവരെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പിന്നീട് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാൻ ഹൈക്കോടതി ഭരണകൂടവും രജിസ്ട്രാറും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു.
വിഭാഗംതിരിച്ച് പട്ടിക തയ്യാറാക്കുന്നത് നിയമപരമായി സാധുവാണെങ്കിലും, മികവു തെളിയിച്ച സംവരണവിഭാഗ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റിങ് ഘട്ടത്തിൽ തന്നെ ഓപ്പൺ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ നിലപാടിനെ സുപ്രീംകോടതി അംഗീകരിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യം ഒരു ജനറൽ പട്ടിക തയ്യാറാക്കുകയും, തുടർന്ന് അതിൽ ഉൾപ്പെടാത്ത സംവരണവിഭാഗക്കാരെ ചേർത്ത് സംവരണ പട്ടിക ഒരുക്കുകയും ചെയ്യണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഇതിലൂടെ സംവരണവിഭാഗക്കാർക്ക് ഇരട്ടി ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം സുപ്രീംകോടതി തള്ളി. ജനറൽ വിഭാഗം എന്നത് ആരുടെയെങ്കിലും പ്രത്യേക ക്വാട്ടയല്ലെന്നും, ഒരുതരത്തിലുള്ള സംവരണ ആനുകൂല്യവും ഉപയോഗിക്കാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗാർഥികളെ ഓപ്പൺ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് ഭരണഘടനാ തത്വങ്ങളോട് യോജിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
















