ന്യൂദല്‍ഹി: ഭാരത കേസരി മന്നത്ത് പദ്മനാഭന് ദല്‍ഹിയില്‍ സ്മാരകം പണിയണമെന്നും ഇതിനായി തന്റെ ഒരു മാസത്തെ ശമ്പളം അതിനായി നല്കുമെന്നും ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. എന്‍എസ്എസ് ദല്‍ഹിയുടെ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിനകത്തും പുറത്തും മികച്ച പ്രവര്‍ത്തനം കാഴ്ചെവയ്‌ക്കുന്ന നാല് പേര്‍ക്ക് ഭാരത കേസരി മന്നത്ത് പദ്മനാഭന്‍ പുരസ്‌കാരം നല്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ അനുവദിച്ചില്ലെന്ന് ആനന്ദ ബോസ് പറഞ്ഞു. ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നത്താചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി അപ്പോയിന്റ്മെന്റ് കിട്ടി. അവിടെ ചെന്നു, ജനറല്‍ സെക്രട്ടറി കാറിന്റെ അടുത്തുവന്നു, ഡോര്‍ തുറന്ന് സ്വീകരിച്ചു. ചായ തന്നു, സംസാരിച്ചു. കാറില്‍ കയറ്റി തിരികെ അയയ്‌ക്കുകയും ചെയ്തു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം ഒന്നും പറഞ്ഞില്ല.
സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ, നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തരും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ച്ചന നടത്തേണ്ടതല്ലേ, അവകാശമല്ലേ. കാരണവന്‍മാരെ ബഹുമാനിക്കുകയെന്നത് ആരെങ്കിലും ഒരാളുടെ കുത്തക അവകാശമാണോ. കാവല്‍ക്കാര്‍ ഒരുകാര്യം ഓര്‍ക്കണം, ഗേറ്റ് കീപ്പര്‍മാരെ കാണാനല്ല ജനങ്ങള്‍ വരുന്നത്. ഇപ്പോഴുള്ളവരെ കാണാനല്ല, അവരെ ബഹുമാനിക്കുന്നുവെന്നത് സത്യമാണ്.
പെരുന്നയില്‍ പോകുന്നത് മന്നത്ത് ആചാര്യന് ആദരം അര്‍പ്പിക്കാനാണ്. അതിനുള്ള അവസരം കിട്ടുന്നില്ലെന്നത് സങ്കടപൂര്‍വം പറയുകയാണ്. വേര്‍തിരിവും വിലക്കുമില്ലാതെ എല്ലാവര്‍ക്കും ആദരം അര്‍പ്പിക്കാന്‍ ദല്‍ഹിയില്‍ മന്നത്തിന് ഒരു സ്മാരകം വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദബോസിന്റെ ആവശ്യം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.കെ.ജി. പിള്ള വേദിയില്‍ത്തന്നെ ഉറപ്പുനല്കി.
















