ന്യൂദല്‍ഹി: ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇറാനിലെ ദേശീയ കറന്‍സിയായ റിയാലിന്റെ മൂല്യത്തകര്‍ച്ചയ്‌ക്കെതിരെ നിരവധി നഗരങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്.
‘നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും പിഐഒകളും ജാഗ്രത പാലിക്കണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം, ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വാര്‍ത്തകളും സൂക്ഷ്മമായി നിരീക്ഷിക്കണം,’ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
റസിഡന്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
ഇറാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇറാനിയന്‍ പ്രവിശ്യകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
















