ന്യൂ ജേഴ്സി:ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ)യുടെ 2026–27 വർഷങ്ങളിലേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
ന്യൂ ജേഴ്സിയിൽ നിന്നുള്ള രാജു പള്ളത്ത് പ്രസിഡന്റായി പ്രവർത്തിക്കും. അനിൽ ആറന്മുള (ഹ്യൂസ്റ്റൺ) ജനറൽ സെക്രട്ടറി, ജയൻ ജോസഫ് (ന്യൂ ജേഴ്സി) ട്രെഷറർ, അനിൽ ജേക്കബ് മറ്റത്തിക്കുന്നേൽ (ചിക്കാഗോ) വൈസ് പ്രസിഡന്റ്, ഡോ. സിമി ജെസ്റ്റോ (ചിക്കാഗോ) ജോയിന്റ് സെക്രട്ടറി, കവിത മേനോൻ (കാനഡ) ജോയിന്റ് ട്രെഷറർ എന്നീവരാണ് മറ്റു ഭാരവാഹികൾ.
മുൻ പ്രസിഡന്റായ സുനിൽ ട്രൈസ്റ്റാർ അഡ്വൈസറി ബോർഡ് ചെയർമാനായും, മുൻ സെക്രട്ടറി ഷിജോ പൗലോസ് പ്രസിഡന്റ്-ഇലക്ടായും സേവനം തുടരും.
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ രൂപീകരണം മുതൽ സജീവ അംഗമായ രാജു പള്ളത്ത്, ന്യൂയോർക്ക് ചാപ്റ്ററിന്റെ സെക്രട്ടറി,ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രണ്ടു വർഷമായി പ്രസിഡന്റ്-ഇലക്ടായി പ്രവർത്തിച്ചു വരികയായിരുന്നു. ഏഷ്യാനെറ്റ് ടിവിയിലൂടെ മാധ്യമ രംഗത്തെത്തിയ അദ്ദേഹം ‘യു.എസ്. വീക്കിലി റൗണ്ട് അപ്പ്’ ഉൾപ്പെടെ നിരവധി ജനപ്രിയ പരിപാടികളുടെ പ്രോഗ്രാം ഡയറക്ടറും പ്രൊഡ്യൂസറുമായിരുന്നിട്ടുണ്ട്. നിലവിൽ ഡിഷ് നെറ്റ്വർക്ക്, സ്ലിങ് ടിവി എന്നിവയുടെ നാഷണൽ റീട്ടെയ്ലറാണ്. മാവേലിക്കര സ്വദേശിയാണ്.
ജനറൽ സെക്രട്ടറി അനിൽ ആറന്മുള 2010 മുതൽ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനാണ്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നേർകാഴ്ച ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.
ട്രെഷറർ ജയൻ ജോസഫ് ന്യൂ ജേഴ്സിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ (കാഞ്ച്) പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 24USA ന്യൂസ് ടീമംഗമായ അദ്ദേഹം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ, പ്രിന്റ് മീഡിയ മേഖലകളിൽ പ്രവർത്തന പരിചയമുള്ള മാധ്യമ പ്രവർത്തകനാണ്. ചിക്കാഗോയിൽ നിന്ന് മാധ്യമ പ്രവർത്തനം ആരംഭിച്ച അദ്ദേഹം നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ആശുപത്രിയിൽ നേഴ്സ് എഡ്യൂക്കേറ്ററാണ്.
ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ ഏഷ്യാനെറ്റ്, ഫ്ളവേഴ്സ്, കൈരളി ടിവി എന്നിവയിലെ അവതാരകയായി ശ്രദ്ധേയയാണ്. അമേരിക്കൻ ആരോഗ്യ രംഗത്ത് നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയ അവർ നിലവിൽ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നു.
ജോയിന്റ് ട്രെഷറർ കവിത മേനോൻ മാധ്യമം, സാമൂഹിക സേവനം, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ ദീർഘകാല പരിചയമുള്ള വ്യക്തിയാണ്. കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ബോർഡ് അംഗവും ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമാണ്.












