കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ് പി ശശിധരൻ നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം വകുപ്പ് പ്രസിഡന്‍റായിരുന്ന പി.എസ് പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിച്ചതെന്നാണ് സൂചന.
അതേസമയം അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. എസ്‌ഐടി ആവശ്യപ്പെട്ടത് പ്രകാരമാണ് ഹൈക്കോടതി അന്വേഷണ കാലാവധി നീട്ടിനൽകിയത്. കോടതി സ്വമേധയാ എടുത്ത ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കുമെന്നും അന്നേദിവസം എസ്‌ഐടി ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ സംഘത്തലവന് കോടതി അനുമതി നൽകി. നേരത്തേ സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. വൻതോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.
ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം കോടതിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്.
















