ന്യൂദല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയോ (എന്‍എഫ്എസ്യു) സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയോ (സിഎഫ്എസ്എല്‍) സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ശ്രീവിജയപുരത്ത് ചേര്‍ന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളുടെ ശൃംഖല സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും 30,000 കോടി രൂപ നിക്ഷേപിക്കും. 2029 ആവുന്നതോടെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയോ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയോ ഇല്ലാത്ത സംസ്ഥാനം ഉണ്ടാകില്ല. നിലവില്‍ ഏഴ് സിഎഫ്എസ്എല്ലുകളുണ്ടെന്നും എട്ട് പുതിയ സിഎഫ്എസ്എല്ലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നശേഷം അന്വേഷണങ്ങളുടെ വേഗതയിലും ശിക്ഷ വിധിക്കുന്നതിലും വലിയമാറ്റം ഉണ്ടായെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 62 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയില്‍ നടന്ന കൊലപാതക കേസില്‍ രണ്ട് പ്രതികള്‍ക്ക് 50 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎഫ്എസ്എല്‍, എന്‍എഫ്എസ്യു എന്നതായിരുന്നു യോഗത്തിന്റെ വിഷയം. ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ റായ്, ബണ്ടി സഞ്ജയ് കുമാര്‍, പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, എന്‍എഫ്എസ്യു വൈസ് ചാന്‍സലര്‍, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















