റിയാദ്: ഏറെ നാളായി യെമനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നു. സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സൗദി അറേബ്യയുടെ നിര്‍ദേശം യെമന്‍ വിമതസേന (സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ -എസ്ടിസി) സ്വാഗതം ചെയ്തു. സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് നിര്‍ണായകമായ ഈ രാഷ്‌ട്രീയ നീക്കം.
കഴിഞ്ഞ മാസം എസ്ടിസി പിടിച്ചെടുത്ത തെക്കന്‍ യെമനിലെ ഹദ്രമൗട്ട് പ്രവിശ്യയുടെ തലസ്ഥാനവും പ്രധാന കിഴക്കന്‍ തുറമുഖവുമായ മുകല്ലയുടെ നിയന്ത്രണവും പിടിച്ചെടുത്തതായി സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി എസ്ടിസി വക്താവ് അറിയിച്ചത്. സൗദിയുടെ ആഹ്വാനത്തെ യഥാര്‍ത്ഥ അവസരമായി കാണുന്നുവെന്നും എസ്ടിസി അറിയിച്ചു.
















